മാതാപിതാക്കൾക്ക് 150 കോടിയുടെ ആഡംബര വീട് സമ്മാനിച്ച് ധനുഷ്
|ചെന്നൈയിലെ പോഷ് ഗാർഡനിലാണ് പുതിയ വീടും പണിതിരിക്കുന്നത്
ചെന്നൈ: മാതാപിതാക്കളോടൊപ്പം കോടികൾ വിലമതിക്കുന്ന പുതിയ വീട്ടിലേക്ക് താമസം മാറി നടൻ ധനുഷ്. മഹാ ശിവരാത്രി ദിനത്തിലായിരുന്നു ഗൃഹപ്രവേശ ചടങ്ങ് നടത്തിയത്. 2021 ൽ നിർമാണം തുടങ്ങിയ വീടിന് ഏകദേശം 150 കോടിയോളം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. ഗൃഹപ്രവേശ ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുകളും മാത്രമായിരുന്നു പങ്കെടുത്തത്.
ചെന്നൈയിലെ പോഷ് ഗാർഡനിലാണ് പുതിയ വീടും പണിതിരിക്കുന്നത്. സംവിധായകൻ സുബ്രഹ്‌മണ്യം ശിവയാണ് പുതിയ ധനുഷ് പുതിയ വീട്ടലേക്ക് താമസം മാറ്റിയതിനെ കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അതിൽ അദ്ദേഹം പറഞ്ഞു, 'സഹോദരൻ ധനുഷിന്റെ പുതിയ വീട് ഒരു ക്ഷേത്രം പോലെയാണ് തോന്നുന്നത്. ജീവിച്ചിരിക്കുമ്പോൾ തന്നെ അമ്മയെയും അച്ഛനെയും സ്വർഗ്ഗത്തിൽ താമസിപ്പിക്കുന്ന മക്കൾ, ദൈവങ്ങളെപ്പോലെ തോന്നുന്നു. അവർ മറ്റു മക്കൾക്ക് മാതൃകയാകുന്നെന്നും അദ്ദേഹം കുറിച്ചു.ധനുഷ് നായകനായെത്തിയ തിരുടാ തിരുടീ സീഡൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ശിവ സുബ്രഹ്‌മണ്യം.
2021-ലായിരുന്നു ഈ വീടിന്റെ പൂജ നടത്തിയത്. അന്ന് ധനുഷും മുൻ ഭാര്യ ഐശ്വര്യയും രജനികാന്തും ഭാര്യ ലതയും ചടങ്ങിൽ പങ്കെടുത്തിരുന്നു. അതിന് പിന്നാലെയാണ് 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2022 ൽ ഇരുവരും വേർപിരിഞ്ഞത്.
'വാത്തി'യാണ് ധനുഷിന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. മലയാളി നടി സംയുക്തയാണ് നായിക. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.