ഒറ്റ ചാര്‍ജില്‍ 307 കി.മീ മൈലേജ്; ദുല്‍ഖര്‍ ഇനി ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് നിര്‍മാണ കമ്പനി ഉടമ
|അള്‍ട്രാവയലറ്റിന്‍റെ F77 ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്ക് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു
മമ്മൂട്ടിയെപ്പോലെ തന്നെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ഒരു വാഹനപ്രേമിയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. താരത്തിന്‍റെ ഗാരേജില്‍ നിരവധി ആഡംബര, സ്പോര്‍ട്സ് കാറുകളും എസ്‌യുവികളുമുണ്ട്. ഇപ്പോഴിതാ ഇലക്ട്രിക് സൂപ്പര്‍ ബൈക്ക് കമ്പനിയുടെ ഉടമയായി മാറിയിരിക്കുകയാണ് ഡിക്യു. അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് കമ്പനിയുടെ ആദ്യ നിക്ഷേപകരില്‍ ഒരാളാണ് താനെന്ന് ദുല്‍ഖര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലുടെ വെളിപ്പെടുത്തിയിരിക്കുന്നത്.
അള്‍ട്രാവയലറ്റിന്‍റെ F77 ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്ക് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ താന്‍ അള്‍ട്രാവയലറ്റ് F77 ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇത് തന്‍റെ ആദ്യത്തെ ഇവിയായിരിക്കുമെന്നും വെളിപ്പെടുത്തിയത്. ടിവിഎസ് പിന്തുണക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ആണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. ഇതുവരെ നമ്മുടെ റോഡുകളില്‍ കണ്ടതില്‍ നിന്ന് വ്യത്യസ്തമായ F77 ഇലക്ട്രിക് ബൈക്കിന്‍റെ പ്രൊഡക്ഷന്‍ പതിപ്പിനായി ദുല്‍ഖര്‍ കാത്തിരിക്കുകയാണ്. F77 പൂര്‍ണ്ണമായും ഒരു ഇന്ത്യന്‍ ബ്രാന്‍ഡോ കമ്പനിയോ നിര്‍മ്മിച്ചതാണ്. ഡിസൈനും ടെക്‌നോളജിയുമാണ് ദുല്‍ഖറിനെ അള്‍ട്രാവയലറ്റ് ബ്രാന്‍ഡിലേക്ക് ആകര്‍ഷിച്ച ഘടകങ്ങളില്‍ ചിലത്.
നവംബര്‍ 24-നാണ് മോട്ടോര്‍സൈക്കിള്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. ബൈക്കിനുള്ള ബുക്കിംഗ് ഒക്ടോബര്‍ 23-ന് ആരംഭിക്കും. 2019-ലെ പ്രോട്ടോടൈപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍, ചേസിസ് പൂര്‍ണമായും പുനര്‍രൂപകല്‍പന ചെയ്തിട്ടുണ്ട്. ബാറ്ററി പായ്ക്ക് ഫ്രെയിമിന് താഴെയായി നല്‍കിയിരിക്കുന്നു. ബാറ്ററി ഇപ്പോള്‍ നീക്കം ചെയ്യാനാവില്ല. ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളില്‍ 33.52 bhp പരമാവധി കരുത്തും 90 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമുണ്ട്. 2.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനും 7.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിന് കഴിയും. മണിക്കൂറില്‍ 147 കിലോമീറ്ററാണ് ഇതിന്‍റെ ടോപ് സ്പീഡ്. 3-4 ലക്ഷം രൂപക്കിടയിലാണ് അള്‍ട്രാവയലറ്റ് എ77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്‍റെ വില പ്രതീക്ഷിക്കുന്നത്.