ബോളിവുഡിലും കത്തിപ്പടരാൻ ഫഹദ്; ഇംതിയാസ് അലി ചിത്രത്തിലൂടെ അരങ്ങേറ്റമെന്ന് റിപ്പോർട്ട്
|ഇംതിയാസ് അലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്താമത്തെ ചിത്രത്തിലാണ് ഫഹദ് പ്രധാന റോളിലെത്തുന്നതെന്നാണ് റിപ്പോർട്ട്
മുംബൈ: സൂപ്പർതാരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം രാജ്യമെങ്ങും വലിയ ഫാൻബേസ് സൃഷ്ടിച്ച താരമായി മാറിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം യങ് സൂപ്പർ സ്റ്റാർ ഫഹദ് ഫാസിൽ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യൻ സിനിമയിൽ സജീവ സാന്നിധ്യമായി മാറിയിട്ടുണ്ടെങ്കിലും ഇതുവരെയും ബോളിവുഡിൽ മുഖം കാണിച്ചിട്ടില്ല ആരാധകരുടെ സ്വന്തം ഫഫ. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, പാർവതി എന്നിങ്ങനെ ബോളിവുഡടക്കം നിരവധി പാൻ ഇന്ത്യൻ ചിത്രങ്ങളിൽ വേഷമിട്ട മലയാളി യുവതാരങ്ങൾ പലരുമുണ്ട്. എന്നാൽ, ബോളിവുഡിൽ അരങ്ങേറാതെ തന്നെ ഫഹദ് സൃഷ്ടിച്ച പാൻ ഇന്ത്യൻ ഫാൻ ബേസ് ചെറുതൊന്നുമല്ല.
ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പുകൾക്കു വിരാമമിടാൻ ഫഹദ് ഒടുവിൽ തീരുമാനിച്ചിരിക്കുന്നുവെന്ന വിവരമാണു പുറത്തുവരുന്നത്. ഫഹദ് ഉടൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്നാണു പുതിയ റിപ്പോർട്ട്. സംവിധായകൻ ഇംതിയാസ് അലിയുടെ പുതിയ ചിത്രത്തിലൂടെയാകും ഫഹദിൻറെ അരങ്ങേറ്റമെന്നാണു സൂചന. എന്റർടെയിൻമെന്റ് പോർട്ടലായ 'പിങ്ക്വില്ല'യാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
സോച്ചാ ന താ, ജബ് വി മെറ്റ്, റോക്സ്റ്റാർ, തമാശ, ഹൈവേ, ചംകീല ഉൾപ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡ് ആരാധകരുടെ ഹൃദയം കവർന്ന സംവിധായകനാണ് ഇംതിയാസ് അലി. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്താമത്തെ ചിത്രത്തിൽ പ്രധാന റോളിലാണ് ഫഹദ് എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി ഇരുവരും തമ്മിൽ നിരവധി തവണ കൂടിക്കാഴ്ചകൾ നടന്നിരുന്നു.
ഇംതിയാസ് അലിയെപ്പോലെയുള്ളൊരു സംവിധായകന്റെ സംവിധാനത്തിൽ ഹിന്ദിയിൽ ആദ്യ സിനിമ ചെയ്യാൻ പോകുന്നതിന്റെ ആവേശത്തിലും ആകാംക്ഷയിലുമാണ് ഫഹദ് എന്നാണ് ഇരുവരുമായി ബന്ധമുള്ള ഒരാൾ പിങ്ക്വില്ലയോട് വെളിപ്പെടുത്തിയത്. ഇംതിയാസ് അലിയുടെ പതിവ് ശൈലി തെറ്റിക്കാതെ അണിയറയിലൊരുങ്ങുന്നതും പ്രണയചിത്രമാണെന്നാണു വിവരം. അതേസമയം, കഥപറച്ചിലിൽ വേറിട്ട പരീക്ഷണമായിരിക്കും ഇത്തവണ. കഥയ്ക്ക് ഏറ്റവും അനുയോജ്യനായ മുഖമെന്ന നിലയ്ക്കാണ് ഇംതിയാസ് ഫഹദിനെ തന്നെ ഉറപ്പിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ് പുരോഗമിക്കുകയാണ്. ഫഹദിനൊപ്പം ലീഡ് റോളിലെത്തുന്ന നടിയെ ഇനിയും തീരുമാനിച്ചിട്ടില്ല.
2025 ആദ്യത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണു പദ്ധതിയിടുന്നത്. വർഷാന്ത്യത്തിൽ ചിത്രം തിയറ്ററുകളിലുമെത്തും. തിരക്കഥയുടെ മിനുക്കുപണികളിലാണ് ഇപ്പോൾ ഇംതിയാസ് അലി്. ഇതു പൂർത്തിയായാൽ സംഗീതത്തിലേക്കു കടക്കും. അതും കഴിഞ്ഞാകും പ്രീപ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുക.
ദിൽജിത് ദോസഞ്ചും പരിനീതി ചോപ്രയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ളിക്സ് ചിത്രം 'അമർ സിങ് ചംകീല'യാണ് ഇംതിയാസ് അലി അവസാനമായി ചെയ്തത്. ഫഹദിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നായ 'ആവേശം' മലയാളം കടന്ന് കേരളത്തിനു പുറത്തും വൻ തരംഗമായി മാറിയിരുന്നു. വിക്രം, മാമണ്ണൻ, പുഷ്പ തുടങ്ങിയ ചിത്രങ്ങളിലൂടെ നേരത്തെ തന്നെ മലയാളത്തിനു പുറത്തും വലിയ ഫാൻബേസ് സൃഷ്ടിച്ചിട്ടുണ്ട് താരം.
2017ൽ മോഹൻ രാജയുടെ ആക്ഷൻ ത്രില്ലർ വേലൈക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിനു പിന്നാലെ ത്യാഗരാജൻ കുമാരരാജയുടെ 'സൂപ്പർ ഡീലക്സി'ലും ലോകേഷ് കനഗരാജിന്റെ ആക്ഷൻ ത്രില്ലർ 'വിക്രമി'ലും ചെയ്ത വേഷങ്ങൾ വൻ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 2021ൽ സുകുമാറിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'പുഷ്പ: ദി റൈസി'ലൂടെയാണ് തെലുങ്കിൽ അരങ്ങേറുന്നത്. പുഷ്പ രണ്ടാം ഭാഗത്തിലും ഫഹദ് എത്തുന്നുണ്ട്.
Summary: Actor Fahadh Faasil to make his Hindi debut in Imtiaz Ali's next: Report