'കൂടുതല്‍ ശക്തയായി തിരിച്ചുവരും'; സ്തനാര്‍ബുധം സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തി നടി ഹിന ഖാന്
|കാന്‍സര്‍ മൂന്നാം സ്റ്റേജിലെത്തിയിട്ടുണ്ടെന്ന് ഹിന വെളിപ്പെടുത്തി
മുംബൈ: സ്തനാര്‍ബുധം സ്ഥിരീകരിച്ചെന്ന വെളിപ്പെടുത്തലുമായി നടി ഹിന ഖാന്. രോഗം മൂന്നാം സ്റ്റേജിലെത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് നടി ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചത്. ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ ശക്തയായി തിരിച്ചുവരുമെന്നും വ്യക്തമാക്കിയ ഹിന ചികിത്സാ കാലയളവില്‍ തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
''എന്നെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമായി ഒരു പ്രധാനപ്പെട്ട വാര്‍ത്ത പങ്കുവയ്ക്കുകയാണ്. എനിക്ക് മൂന്നാം സ്റ്റേജിലുള്ള സ്തനാര്‍ബുധം സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. വെല്ലുവിളിയുയര്‍ത്തുന്ന രോഗനിര്‍ണയമാണെങ്കിലും ഞാന്‍ ആരോഗ്യവതിയാണെന്നാണ് എല്ലാവര്ക്കും ഉറപ്പുനല്കാനുള്ളത്. ഞാന്‍ ശക്തയാണ്. നിശ്ചയദാര്ഢ്യത്തിലാണുള്ളത്. ഈ രോഗം അതിജീവിക്കാന്‍ എല്ലാ അര്‍ഥത്തിലും പ്രതിജ്ഞാബദ്ധയുമാണ്. ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഇതില്‍നിന്നു കൂടുതല്‍ ശക്തയായി തിരിച്ചുവരാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്.''-ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഹിന പറഞ്ഞു.
ഈ സമയത്ത് സ്വകാര്യത മാനിക്കണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും അവര്‍ സൂചിപ്പിച്ചു. നിങ്ങള്‍ തരുന്ന സ്നേഹത്തെയും ശക്തിയെയും അനുഗ്രഹത്തെയുമെല്ലാം ആഴത്തില്‍ ആദരിക്കുന്നു. ഈ പ്രയാണമാരംഭിച്ച എനിക്ക് നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും വിവരണങ്ങളും നിര്‍ദേശങ്ങളുമെല്ലാം വലിയ കാര്യമാണ്. ദൈവാനുഗ്രഹത്താല്‍ ഈ വെല്ലുവിളി അതിജീവിച്ച് എനിക്കു പൂര്‍ണമായ ആരോഗ്യം കൈവരിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ പ്രാര്‍ഥനകളും അനുഗ്രഹങ്ങളും സ്നേഹവും വേണമെന്നും ഹിന കുറിപ്പില്‍ ആവശ്യപ്പെട്ടു.
ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയയായ ബോളിവുഡ് താരമാണ് ഹിന ഖാന്. 'യെ രിഷ്ത ക്യാ കെഹ്ലാതാ ഹേ' എന്ന ജനപ്രിയ ടി.വി സീരിയലിലെ അക്ഷര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഹാക്ക്ഡ്, ഷിന്‍ഡ ഷിന്‍ഡ നോ പപ്പ, സോള്‍മേറ്റ്, കാരി ഓണ്‍ ജാട്ടിയേ, കണ്ട്രി ഓഫ് ബ്ലൈന്‍ഡ്, സ്മാര്‍ട്ട്ഫോണ്‍, അണ്‍ലോക്ക്, ലൈന്‍സ്, വിഷ്ലിസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും നിരവധി വെബ് സീരീസുകളിലും അഭിനയിച്ചു.
Summary: Actor Hina Khan diagnosed with stage 3 breast cancer