മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്തത് മനപ്പൂര്‍വം: നടന്‍ ജയറാം
|നല്ലൊരു തിരിച്ചുവരവിനായി താന്‍ മനപ്പൂര്‍വം എടുത്ത ഇടവേളയാണെന്നും ആ കാത്തിരിപ്പ് വെറുതെയായില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയില്‍ നിന്ന് ഒന്നര വര്‍ഷമായി ഇടവേള എടുത്തിരുന്നതായി നടന്‍ ജയറാം. നല്ലൊരു തിരിച്ചുവരവിനായി താന്‍ മനപ്പൂര്‍വം എടുത്ത ഇടവേളയാണെന്നും ആ കാത്തിരിപ്പ് വെറുതെയായില്ലെന്നും അദ്ദേഹം പറഞ്ഞു.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്‌ലര്‍ തനിക്ക് വളരെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണെന്നും ജയറാം പറയുന്നു. പാലക്കാട് ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' കഴിഞ്ഞ 35 വര്‍ഷമായി എല്ലാവരുടേയും സ്‌നേഹത്താല്‍ കുറേ സിനിമകള്‍ ചെയ്യാനായി ഭാഗ്യമുണ്ടായി. മലയാളം വിട്ട് മറ്റു പല ഭാഷകളിലും അഭിനയിക്കാന്‍ അവസരം കിട്ടി. ഇതൊന്നും നമ്മള്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല, നമ്മളെ തേടി വരേണ്ട കാര്യങ്ങളാണ്.
ഇപ്പോള്‍ തെലുങ്കില്‍ കുറേ സിനിമകള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ മഹേഷ് ബാബുവിന്റെ സിനിമയിലാണ് അഭിനയിക്കുന്നത്. ചിരഞ്ജീവിയുടെ മകന്‍ രാംചരണിനോടൊപ്പമാണ് അടുത്ത സിനിമ. ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമായണത്. വിജയ് ദേവരക്കൊണ്ടയോടൊപ്പം മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. കന്നടയില്‍ രാജ് കുമാറിന്റെ മകന്‍ ശിവ രാജ്കുമാറിന്റെ കൂടെ പ്രധാന വേഷത്തില്‍ അഭിനയിച്ച 'ഗോസ്റ്റ്' സെപ്റ്റംബറില്‍ ഇറങ്ങും.
തമിഴില്‍ പൊന്നിയിന്‍ സെല്‍വനാണ് അവസാനമായി ചെയ്ത സിനിമ. അതില്‍ അഭിനയിക്കാനായത് ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നു. മലയാളത്തില്‍ ഞാനായിട്ട് കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഇടവേള എടുത്തിരുന്നു. നല്ലൊരു പ്രൊജക്ട് ചെയ്ത് തിരിച്ചുവരണം എന്നാണ് ആഗ്രഹിച്ചത്.
എന്റെ കാത്തിരിപ്പ് വെറുതെയായില്ല. ഇപ്പോള്‍ മലയാളത്തില്‍ ഞാന്‍ ചെയ്യുന്നത് അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മുഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്‌ലര്‍ എന്ന സിനിമയാണ്. വളരെ ഏറെ പ്രതീക്ഷ തരുന്ന സിനിമയാണത്. അതിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു.'' ജയറാം പറഞ്ഞു.