Entertainment
നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു
Entertainment

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു

Web Desk
|
17 Feb 2022 1:07 AM GMT

ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

പ്രശസ്ത സിനിമ,സീരിയല്‍ നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മായാ പ്രദീപാണ് ഭാര്യ. മക്കള്‍- വിഷ്ണു ശിവ, വൃന്ദ. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് കുമാരനെല്ലൂരിലെ വീട്ടുവളപ്പില്‍ നടക്കും.

കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പ്രദീപ് ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയം ജില്ലയിലെ തിരുവാതുക്കലായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് യുവജനോത്സവത്തിലും സ്‌കൂള്‍ വാര്‍ഷിക പരിപാടികളിലും പ്രദീപ്‌ സജീവമായിരുന്നു. പാട്ട്‌, ഡാന്‍സ്‌, ഏകാംഗ നാടകം തുടങ്ങിയവയിലായിരുന്നു പ്രധാനമായും പങ്കെടുത്തിരുന്നത്. വർഷങ്ങളായി കോട്ടയം തിരുവാതുക്കൽ രാധാകൃഷ്‌ണ തിയറ്ററിന് സമീപം താമസിച്ചിരുന്ന അദ്ദേഹം, പതിയെ സിനിമയിലേക്ക് ആകൃഷ്ടനായി. പത്താം വയസ്സിൽ എൻ എൻ പിള്ളയുടെ 'ഈശ്വരൻ അറസ്റ്റിൽ' എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് 40 വർഷമായി നാടകരംഗത്ത് സജീവമാണ്. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂളിലും ബസേലിയസ് കോളജിലും കോപ്പറേറ്റീവ് കോളജിലുമായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽ ഐ സി ഉദ്യോഗസ്ഥനായി. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ ആയ ഒരു റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. നിര്‍മാതാവ് പ്രേം പ്രകാശാണ് അദ്ദേഹത്തിന് ആ അവസരം നൽകിയത്.

1999 ൽ ഐ.വി. ശശി ചിത്രമായ ഈ നാട് ഇന്നലെ വരെയിലൂടെയാണ് പ്രദീപ് ആദ്യം സിനിമാ ക്യാമറയ്‌ക്ക് മുന്നിലെത്തുന്നത്. നരേന്ദ്ര പ്രസാദിനൊപ്പം ഒരു ചെറു വേഷമാണ് ആന്ന് അഭിനയിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ ഗൗതം മേനോന്‍റെ "വിണ്ണൈത്താണ്ടി വരുവായ" എന്ന ചിത്രത്തിൽ നായികയായ തൃഷയുടെ മലയാളി അമ്മാവനായി ഒരു ചെറു വേഷം ചെയ്തു. യാതൊരു പ്രതീക്ഷയുമില്ലാതെ, ഗൗതം മേനോനെ കാണുക എന്ന ആഗ്രഹവുമായി നന്ദു പൊതുവാൾ വഴി ഒഡീഷനു പോയ പ്രദീപിന് അവിചാരിതമായി നറുക്ക് വീഴുകയായിരുന്നു. അതിലെ ഡയലോഗ് ശ്രദ്ധ നേടിയതോടെ കോട്ടയം പ്രദീപിനെ തേടി അവസരങ്ങൾ വന്നെത്തി. ആ ചിത്രത്തിന്‍റെ തന്നെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലും പ്രദീപ് വേഷമിട്ടു. വിനീത് ശ്രീനിവാസന്‍റെ തട്ടത്തിൻ മറയത്തിലെ പോലീസ് കോണ്‍സ്റ്റബിളിന്‍റെ വേഷം ചെയ്ത ശേഷം പ്രദീപ്‌ മലയാളത്തിലെ മിക്ക സിനിമകളുടെയും ഭാഗമായി മാറി. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

2020ല്‍ പുറത്തിറങ്ങിയ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വര്‍ഷം പാപ്പന്‍റേം സൈമന്‍റേം പിള്ളേര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം റിലീസായിട്ടില്ല.



Similar Posts