'വിധി അടിച്ചു മുഖത്തിന്‍റെ ഷേപ്പ് മാറ്റി'; അസുഖ വിവരം പങ്കുവെച്ച് നടന്‍ മനോജ് കുമാര്‍
|''എ.സി മുറികളില്‍ കഴിയുന്നവര്‍, എ.സി മുഖത്തേക്ക് തിരിച്ച് യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ഈ രോഗം ബാധിക്കാം''
അപ്രതീക്ഷിതമായി തന്നെ ബാധിച്ച അസുഖ വിവരം പങ്കുവെച്ച് നടന്‍ മനോജ് കുമാര്‍. മുഖത്തിന്‍റെ രൂപം മാറ്റുന്ന ബെല്‍സ് പാള്‍സി എന്ന അസുഖമാണ് മനോജിനെ ബാധിച്ചത്. ആദ്യം സ്ട്രോക്ക് ആണെന്ന് ഭയന്നെന്നും പിന്നീട് വിദഗ്ധ ഡോക്ടര്‍മാരെ സമീപിച്ചതിനെ തുടര്‍ന്ന് ചികിത്സയിലൂടെ മാറുന്ന രോഗമാണെന്ന തിരിച്ചറിവുണ്ടായതായും മനോജ് പറയുന്നു. യൂ ട്യൂബ് വീഡിയോയിലൂടെയാണ് മനോജ് തന്‍റെ രോഗ വിവരം പങ്കുവെച്ചത്.
നവംബര്‍ 28ന് ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുന്നേ മുഖത്ത് തോന്നിയ അസ്വസ്ഥതയാണ് തന്നില്‍ ബാധിച്ച അസുഖത്തെ കുറിച്ചുള്ള ആദ്യ സൂചന നല്‍കുന്നതെന്ന് മനോജ് പറയുന്നു. തുടക്കത്തില്‍ വലിയ രീതിയില്‍ മുഖത്തെ രൂപം മാറിയിരുന്നെങ്കിലും ഇപ്പോള്‍ ഫിസിയോതെറാപ്പിയടക്കമുള്ള ചികിത്സയിലൂടെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെല്‍സ് പാള്‍സി എന്ന വലിയ പേരാണെങ്കിലും ഈ അസുഖം വന്നാല്‍ പേടിക്കേണ്ടതില്ലെന്നും മനോജ് പറഞ്ഞു. മരുന്നെടുത്താൽ വേഗം മാറും. ടെൻഷനടിച്ച് മറ്റെന്തെങ്കിലുമാണെന്നു കരുതി മറ്റു പ്രശ്നങ്ങൾ വരുത്തിവെയ്ക്കാതിരുന്നാൽ മതി. ഈശ്വരന്‍റെ ഓരോ കുസൃതികളാണിത്. ദൈവം തന്‍റെയടുത്തൊരു കുസൃതി കാണിച്ചതാണെന്ന് മനോജ് കുമാർ പറഞ്ഞു.
എ.സി മുറികളില്‍ കഴിയുന്നവര്‍, എ.സി മുഖത്തേക്ക് തിരിച്ച് യാത്ര ചെയ്യുന്നവര്‍, കുളത്തിലും പുഴയിലും കുളിക്കുമ്പോള്‍ ചെവിയിലും മറ്റും ബാധിക്കുന്ന അണുബാധകള്‍ അവഗണിച്ചാല്‍ ഈ രോഗം ബാധിക്കാമെന്നും ഇത്തരം അവസ്ഥകളിലെല്ലാം വലിയ ശ്രദ്ധ വേണമെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.