പ്രശസ്ത ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി അന്തരിച്ചു
|ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം
മുംബൈ: ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കുടുംബം തന്നെയാണ് മരണവാർത്ത പുറത്തുവിട്ടത്. കോയി മിൽഗയാ, റെഡി,സത്യ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പത്ത് ദിവസം മുൻപ് ഹൃദയാഘാതം വന്നതിനെ തുടർന്ന് മിതിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. പുലർച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് മകളുടെ ഭർത്താവ് ആഷിഷ് ചതുർവേദി പിടിഐയോട് പറഞ്ഞു.
നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലെത്തി അമ്പരപ്പിച്ചിട്ടുള്ള താരമാണ് അദ്ദേഹം. താൽ, ഫിസ,അശോക, കൃഷ്, ഗുലാബോ സിതാബോ, വെബ് സീരീസായ സ്‌കാം 1992 തുടങ്ങിയവയിലെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. വെർസോവയിലെ ശ്മശാനത്തിൽ വച്ച് വൈകുന്നേരമായിരിക്കും സംസ്‌കാരം നടക്കുക.