എന്നോടൊന്നു പറയാമായിരുന്നില്ലേ? ഹനീഫിക്ക മരിച്ചപ്പോള്‍ മമ്മൂക്ക കൊച്ചുകുഞ്ഞിനെപ്പോലെ പൊട്ടിക്കരഞ്ഞു; മുകേഷ്
|അപ്രതീക്ഷിതമായിരുന്നു താരത്തിന്‍റെ വിയോഗം. കരള്‍ രോഗം ബാധിച്ച് 2010 ഫെബ്രുവരി 2നായിരുന്നു മരണം
വില്ലന്‍ വേഷങ്ങളിലൂടെ എത്തി പിന്നീട് ഹാസ്യതാരമായും സ്വഭാവനടനായും തിളങ്ങിയ നടനാണ് കൊച്ചിന്‍ ഹനീഫ. സംവിധായകനായും തിരക്കഥാകൃത്തായും ഹനീഫ തന്‍റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായിരുന്നു താരത്തിന്‍റെ വിയോഗം. കരള്‍ രോഗം ബാധിച്ച് 2010 ഫെബ്രുവരി 2നായിരുന്നു മരണം. ആരാധകരെയും സിനിമക്കാരെയും ഒരുപോലെ ഞെട്ടിപ്പിച്ച മരണം. ഇപ്പോള്‍ ഹനീഫക്ക് മമ്മൂട്ടിയുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് നടന്‍ മുകേഷ്. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് താരം മനസ് തുറന്നത്.
മുകേഷിന്‍റെ വാക്കുകള്‍
'എല്ലാ മേഖലയിലും തിളങ്ങിയ ആളാണ് ഹനീഫിക്ക. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആർക്കെങ്കിലും അദ്ദേഹത്തോട് എതിർപ്പോ ശത്രുതയോ ഉള്ളതായി അറിയില്ല. എവിടെ ചെന്നാലും അവിടെ ഇഴുകിച്ചേരും. ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ ചിരി വളരെ പ്രസിദ്ധമാണ് മലയാള സിനിമയിൽ. ചെറിയ തമാശയ്ക്ക് അദ്ദേഹം എത്ര വേണമെങ്കിലും ചിരിക്കും. സീരിയസ് ആയ സ്ഥലത്താണെങ്കിൽ ഹനീഫിക്കയുണ്ടെങ്കിൽ കാര്യങ്ങൾ പറയുന്നത് ഒതുക്കും. ഹനീഫിക്കയുണ്ട് ചെറിയ കാര്യത്തിന് പൊട്ടിച്ചിരിച്ചിട്ട് അവസാനം നമ്മളെല്ലാവരും സീരിയസായി നിൽക്കുന്നിടത്ത് തമാശയാക്കിക്കളഞ്ഞെന്ന ചീത്തപ്പേര് വരും.
ഹനീഫിക്ക സിനിമയിൽ വളരെ സജീവമായ ശേഷമാണ് ഞാൻ പരിചയപ്പെടുന്നത്. വളരെ വർഷങ്ങൾക്ക് മുമ്പ് കൊച്ചിൻ ഹനീഫ എന്ന മിമിക്രിക്കാരനെ എനിക്കറിയാം. ഹനീഫിക്കയെ പറ്റി പറയുമ്പോൾ കൂടെ പറയേണ്ട ആളാണ് സാക്ഷാൽ മമ്മൂട്ടി. ഇവർ എന്തുകൊണ്ട് സഹോദരൻമാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്ര മാത്രം സ്നേഹം മമ്മൂക്കയ്ക്ക് ഹനീഫിക്കയോടുണ്ട്, അതിന്റെ എത്രയോ ഇരട്ടി സ്നേഹം ഹനീഫിക്ക പ്രകടിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് ഹനീഫിക്ക മരിച്ചപ്പോൾ മമ്മൂക്ക ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞത്.
ഇദ്ദേഹത്തിന് ആരോഗ്യ സ്ഥിതി സീരിയസാണെന്ന് ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക കരഞ്ഞത്. വഴക്ക് പറഞ്ഞ് കൊണ്ടായിരുന്നു കരച്ചിൽ. എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന്. അത്രമാത്രം നിഷ്കളങ്കനായ ആളായിരുന്നു'- മുകേഷ് പറഞ്ഞു.