അപകടത്തില്‍ ഓര്‍മ നഷ്ടമായിട്ടും മകന്‍ വിജയിനെ മാത്രം തിരിച്ചറിയും, എല്ലാ പിറന്നാളിനും താരമെത്തും; നാസര്‍
|നാസറിന്‍റെ മൂത്ത മകന്‍ അബ്‌ദുൾ അസൻ ഫസലിന് ഒരു അപകടത്തില്‍ ഓര്‍മ നഷ്ടമായിരുന്നു
ഒട്ടേറെ ആരാധകരുള്ള നടനാണ് തമിഴ് താരം വിജയ്. അതുപോലെ തന്നെ ആരാധകരുമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്നയാളുമാണ് താരം. ആരാധകരെ കാണാനും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനുമൊക്കെ വിജയ് ശ്രമിക്കാറുണ്ട്. ഇപ്പോള്‍ തന്‍റെ മകന് വിജയ്നോടുള്ള അടുപ്പത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടന്‍ നാസര്‍.
നാസറിന്‍റെ മൂത്ത മകന്‍ അബ്‌ദുൾ അസൻ ഫസലിന് ഒരു അപകടത്തില്‍ ഓര്‍മ നഷ്ടമായിരുന്നു. എല്ലാം മറന്നിട്ടും ഒന്നുമാത്രം അബ്ദുളിന് മനസിലുണ്ടായിരുന്നു. അത് വിജയ് ആയിരുന്നു. വിജയെ മാത്രമായിരുന്നു അബ്ദുളിന് ഓർമ്മ ഉണ്ടായിരുന്നത്.
'മകന്‍ വിജയ്‌യുടെ വലിയ ആരാധകനാണ്. ഇടയ്ക്ക് അവന് വലിയൊരു അപകടം സംഭവിച്ചു. ഓര്‍മ മുഴുവന്‍ നഷ്ടപ്പെട്ടു. ഇന്നും അവന് ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്‍മയുള്ളത് വിജയ്‌യെ മാത്രമാണ്. വിജയ് എന്നു പറഞ്ഞു എപ്പോഴും ബഹളം വയ്ക്കും. അപ്പോഴൊക്കെ അവന്റെ കൂട്ടുകാരൻ വിജയുടെ കാര്യമായിരിക്കും പറയുന്നതെന്നോർത്ത് ഞങ്ങൾ ഗൗനിച്ചില്ല. എന്നാൽ പിന്നീടാണ് മനസിലായത് അത് നടൻ വിജയ് ആയിരുന്നെന്ന്. വിജയ്‌യുടെ പാട്ടു വെച്ചപ്പോഴാണ് അവന്‍ ശാന്തനായത്. വീട്ടിൽ എപ്പോഴും വിജയുടെ പാട്ടുകളാണ്'- നാസർ പറയുന്നു. ഇക്കാര്യം അറിഞ്ഞതോടെ അബ്ദുളിന്‍റെ എല്ലാ പിറന്നാളിലും സമ്മാനങ്ങളുമായി വിജയ് എത്താറുണ്ട്. ജീവിതത്തിലേക്ക് മകൻ തിരികെ വരാൻ കാരണം വിജയ് ആണ് എന്നാണ് നാസർ പറയുന്നത്.