Entertainment
Prithviraj Sukumaran about accident, key hole surgery for Prithviraj, Prithviraj Sukumaran, Prithviraj, Prithviraj accident, vilayath buddha
Entertainment

'താക്കോൽദ്വാര ശസ്ത്രക്രിയ കഴിഞ്ഞു, രണ്ടുമാസം വിശ്രമം വേണ്ടിവരും'; പ്രതികരണവുമായി പൃഥ്വിരാജ്

Web Desk
|
27 Jun 2023 10:39 AM GMT

പുതിയ ചിത്രമായ 'വിലായത്ത് ബുദ്ധ'യുടെ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്

കോഴിക്കോട്: സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. അപകടത്തെ തുടർന്ന് താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് താരം വെളിപ്പെടുത്തി. രണ്ടുമാസം വിശ്രമവും ഫിസിയോ തെറാപ്പിയും ആവശ്യമാണെന്നും പൃഥ്വിരാജ് അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ താരം പുറത്തുവിട്ടത്. ജൂൺ 25ന് 'വിലായത്ത് ബുദ്ധ' ചിത്രത്തിലെ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ഭാഗ്യവശാൽ വിദഗ്ധരുടെ പരിചരണത്തിലാണെന്നും താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും പൃഥ്വിരാജ് അറിയിച്ചു. ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും താരം കുറിച്ചു.

രണ്ടു മാസം വിശ്രമവും ഫിസിയോ തെറാപ്പിയും വേണ്ടിവരും. ഈ സമയം നിർമാണാത്മകമായി ഉപയോഗപ്പെടുത്താൻ പരമാവധി ശ്രമിക്കും. വേദനയോട് പടപൊരുതി എത്രയും വേഗം രോഗമുക്തനായി അഭിനയരംഗത്തേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പുനൽകുകയാണ്. വിളിക്കുകയും ആശങ്കയും സ്‌നേഹവും പങ്കുവയ്ക്കുകയും ചെയ്തവർക്കെല്ലാം നന്ദി രേഖപ്പെടുത്തുകയാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

ഇടുക്കി മറയൂരിലായിരുന്നു 'വിലായത്ത് ബുദ്ധ'യുടെ ചിത്രീകരണം നടന്നിരുന്നത്. അപകടത്തിൽ താരത്തിന്റെ കാലിനാണ് പരിക്കേറ്റതെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

'എമ്പുരാനു'മുൻപ് പൃഥ്വിരാജിന്റേതായി സ്‌ക്രീനിലെത്തുന്ന മാസ് ആക്ഷൻ ചിത്രമാണ് 'വിലായത്ത് ബുദ്ധ'. മറയൂരിലെ ചന്ദനക്കാടുകളിൽ വിഹരിക്കുന്ന ഡബിൾ മോഹനൻ എന്ന ചന്ദനക്കടത്തുകാരനായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ഹൈറേഞ്ചിലും കാട്ടിലുമായി നടക്കുന്ന സംഘട്ടനരംഗങ്ങൾ സിനിമയുടെ ഹൈലൈറ്റാണ്.

ഏറ്റവും മൂല്യമുള്ള ചന്ദനമരത്തിനായി ഗുരുവും ശിഷ്യനുമിടയിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഇതേ പേരിലുള്ള ജി.ആർ ഇന്ദുഗോപന്റെ നോവലാണ് സിനിമയാകുന്നത്. അനുമോഹൻ, ഷമ്മി തിലകൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവർക്കൊപ്പം ഇതരഭാഷാ താരമായ ടി.ജെ അരുണാചലവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്.

Summary: 'In the hands of experts who performed a key hole surgery. It's rest and physiotherapy ahead for a couple of months'; Prithviraj Sukumaran in accident

Similar Posts