Entertainment
താഴ്‌വാരത്തിലെ രാഘവൻ ഇനി ഓർമ്മ; നടൻ സലിം ഘൗസ് അന്തരിച്ചു
Entertainment

'താഴ്‌വാര'ത്തിലെ രാഘവൻ ഇനി ഓർമ്മ; നടൻ സലിം ഘൗസ് അന്തരിച്ചു

Web Desk
|
28 April 2022 12:26 PM GMT

പ്രതാപ് പോത്തൻ സംവിധാനം ചെയ്ത 'വെട്രിവിഴ' എന്ന ചിത്രത്തിൽ കമൽഹാസന്റെ വില്ലനായും അദ്ദേഹം തിളങ്ങി

താഴ്‌വാരം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടൻ സലിം ഘൗസ്(70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽവെച്ചായിരുന്നു അന്ത്യം. 80 കളിൽ ടെലിവിഷനിലെ ഏറ്റവും പരിചിതമായ മുഖങ്ങളിലൊന്നായിരുന്നു സലിം ഘൗസ്. ദൂരദർശന്റെ സുബ എന്ന ടിവി പരമ്പരയിൽ അഭിനയിച്ചതിന് ശേഷമാണ് അദ്ദേഹം ജനപ്രീതി നേടിയത്.

പ്രതാപ് പോത്തൻ സംവിധാനം ചെയ്ത 'വെട്രിവിഴ' എന്ന ചിത്രത്തിൽ കമൽഹാസന്റെ വില്ലനായും അദ്ദേഹം തിളങ്ങി. 1990 ൽ ഭരതന്റെ മലയാളം ക്ലാസിക് ചിത്രം താഴ്വാരത്തിൽ രാഘവൻ എന്ന വില്ലൻ കഥാപാത്രവുമായി മോഹൻലാലിനൊപ്പം മത്സരിച്ചഭിനയിച്ചു. ഉടയോൻ എന്ന സിനിമയിലും മോഹൻലാലിനൊപ്പം വേഷമിട്ടു. ശ്യാം ബെനഗലിന്റെ ഭാരത് ഏക് ഖോജ് എന്ന ടിവി പരമ്പരയിലെ രാമൻ, കൃഷ്ണൻ, ടിപ്പു സുൽത്താൻ എന്നിവരെയും സലിം ഘൗസ് അവതരിപ്പിച്ചു.

മന്ഥൻ, കലയുഗ്, ചക്ര, സാരൻഷ്, മോഹൻ ജോഷി ഹാസിർ ഹോ, ത്രികൾ, അഘാത്, ദ്രോഹി, തിരുഡാ തിരുഡ, സർദാരി ബീഗം, കൊയ്ല, സോൾജിയർ, ആക്സ്, വേട്ടക്കാരൻ വെൽ ഡൺ അബ്ബ & കാ തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു. പൂനെ എഫ്ടിഐഐയിൽ നിന്ന് ബിരുദം നേടിയ വ്യക്തികൂടിയാണ് സലിം ഘൗസ്. മുംബൈയിലെ നാടക പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നു അദ്ദേഹം.

സലിമിൻറെ ഭാര്യ അനീറ്റ സലിമാണ് മരണം സ്ഥിരീകരിച്ചത്. 'തലേ ദിവസം രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അദ്ദേഹം കഷ്ടപ്പാട് ഇതുവരെ അനുഭവിച്ചിട്ടില്ല. മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥയും അദ്ദേഹത്തിനുണ്ടായിട്ടില്ല. ആത്മാഭിമാനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. അടുക്കളയിലും മനോഹരമായ പാചകക്കാരനായിരുന്നു. '- അനീറ്റ പറഞ്ഞു.

Similar Posts