Entertainment
Actor Shammi Thilakan about late actor Kollam Sudhi
Entertainment

'അവന്‍റെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകൾ കണ്ണീർതടമായിട്ടുമുണ്ട്'; കൊല്ലം സുധിയെ അനുസ്മരിച്ച് ഷമ്മി തിലകൻ

Web Desk
|
5 Jun 2023 11:17 AM GMT

'കഷ്ടപ്പാടുകളുടെയും പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേർപാട് എന്നത് വേദനാജനകം തന്നെയാണ്.'

കൊച്ചി: വാഹനാപകടത്തിൽ മരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയെ അനുസ്മരിച്ച് നടൻ ഷമ്മി തിലകൻ. സുധിയുടെ ആകസ്മിക വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്നും പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും ഷമ്മി പറഞ്ഞു.

അവൻറെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകൾ കണ്ണീർതടമായിട്ടുമുണ്ട്. കഷ്ടപ്പാടുകളുടെയും പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേർപാട് എന്നത് വേദനാജനകമാണ്. വിഷമകരമായ ഈ സമയത്ത് സുധിയുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് ഷമ്മി തിലകൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നു പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലത്താണ് കാറപകടം നടന്നത്. കോഴിക്കോട് വടകരയിൽ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിവരുമ്പോൾ കാർ മിനി വാനിലിടിച്ചത്. അപകടം നടക്കുമ്പോൾ കാറിന്റെ മുൻസീറ്റിൽ ഇരിക്കുകയായിരുന്നു കൊല്ലം സുധി. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ഉല്ലാസ് അരൂർ, നടൻ ബിനു അടിമാലി, മഹേഷ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

ഷമ്മി തിലകൻ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പ്രണാമം

കൊല്ലം സുധി എന്ന അതുല്യ പ്രതിഭയുടെ ആകസ്മിക വിയോഗവാർത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്..! അനിതരസാധാരണമായ നടനചാരുതയിലൂടെയും തനതായ ഹാസ്യശൈലിയിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിനുള്ളിൽ ഇടംനേടിയവനാണ് സുധി..!

പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നത് സങ്കടകരമാണ്..! അത് സഹോദരതുല്യർ ആകുമ്പോൾ ഹൃദയഭേദകവും..! ഷമ്മിയേട്ടാാാാ എന്ന അവന്റെ സ്‌നേഹാർദ്രമായ വിളി കർണാനന്ദകരമായിരുന്നു..! സ്വന്തം സഹോദരങ്ങളിൽനിന്നു പോലും കേൾക്കാൻ കഴിഞ്ഞിട്ടില്ലാത്ത നീട്ടിയുള്ള ആ വിളി ഒരുപാടൊരുപാട് തവണ ആസ്വദിച്ചിട്ടുണ്ട്..!

ഒപ്പം..; അവൻറെ കദനകഥകളുടെ പെരുമഴ പെയ്തിറങ്ങി ഒരുപാട് തവണ കണ്ണുകൾ കണ്ണീർതടമായിട്ടുമുണ്ട്..! കഷ്ടപ്പാടുകളുടെയും പ്രതിസന്ധിയുടെയും നാളുകൾ അതിജീവിച്ചു ഒരു സന്തോഷജീവിതം തുടങ്ങുന്ന വേളയിലാണ് വേർപാട് എന്നത് വേദനാജനകം തന്നെ..!

വിഷമകരമായ ഈ സമയത്ത് സുധിയുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ആരാധകരോടുമൊപ്പം ഞാനും അനുശോചനം രേഖപ്പെടുത്തുന്നു..!

Summary: Actor Shammi Thilakan shares memory about late actor Kollam Sudhi

Similar Posts