'ഉമ്മൻ ചാണ്ടി സാർ മാപ്പ്..! സാമൂഹ്യദ്രോഹികളുടെ ഇടപെടൽമൂലം അൽപ്പനാളെങ്കിലും അങ്ങയെ തെറ്റിദ്ധരിച്ചു'
|കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്
കോഴിക്കോട്: സോളാർ പീഡനക്കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. സാമൂഹ്യദ്രോഹികളുടെ ഇടപെടൽമൂലം അൽപ്പനാളെങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നുവെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അഭിസംബോധന ചെയ്ത് ഷമ്മി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ വെളിപ്പെടുത്തിയത്.
ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലിൽ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്ത് എഴുതുന്നത്. തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കത്ത് കൈവശപ്പെടുത്തിയെന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
പീഡനക്കേസുമായി മുന്നോട്ടുപോകാൻ പരാതിക്കാരിയെ സഹായിച്ചത് വിവാദ ദല്ലാളാണെന്നും സി.ബി.ഐ കണ്ടെത്തി. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി മൂന്നാം ദിവസം തന്നെ പരാതിക്കാരിക്കു മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കിയത് വിവാദ ദല്ലാൾ ആണെന്നും മൊഴി ലഭിച്ചിട്ടുണ്ട്. ക്ലിഫ്ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ സി.ബി.ഐ പറയുന്നു.
ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഉമ്മൻ ചാണ്ടി സാർ മാപ്പ്..!
സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ നിർവ്യാജമായ ഖേദം അറിയിക്കുന്നു..!
ഒപ്പം..;
പ്രതികാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്‌ഫോടനത്തെ തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ(സി.എം.ഇ) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യദ്രോഹികളുടെമേൽ മാത്രം പതിക്കുന്നതിനുവേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.
ലാൽസലാം.
സത്യമേവജയതേ
Summary: Actor Shammy Thilakan apologizes to the late and former Kerala CM Oommen Chandy following the CBI report in the Solar molestation case