ജേണലിസം പഠിക്കാത്തവരാണ് നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത്, ആളുകളെ തമ്മിലടിപ്പിക്കുകയാണ് അവര്‍ക്കു വേണ്ടത്- ഷൈൻ ടോം ചാക്കോ
|മനുഷ്യനെന്ന പരിഗണന പോലും നൽകാതെയാണ് ചിലർ പ്രകോപിപ്പിക്കുന്നതെന്ന് ടോവിനോ തോമസ്
ദുബൈ: ജേണലിസം പഠിക്കാത്തവരാണ് കേരളത്തിലെ സിനിമാ വാർത്താസമ്മേളനങ്ങളിൽ നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ. 'തല്ലുമാല' സിനിമയുടെ റിലീസിനു മുന്നോടിയായി ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് കേരളത്തിലെ ഒരു വിഭാഗം ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ഷൈൻ തുറന്നടിച്ചത്. ഷൈനിന്റെ അഭിപ്രായപ്രകടനത്തെ നടൻ ടോവിനോ തോമസ് പിന്തുണയ്ക്കുകയും ചെയ്തു.
നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല. അവരാണ് വന്നിരുന്ന് ചോദ്യങ്ങൾ ചോദിക്കുന്നത്. അവർക്ക് ഇങ്ങനെയുള്ള വിഷയങ്ങൾ ചോദിക്കേണ്ട കാര്യമില്ല. വ്യക്തിഹത്യ ചെയ്യുക, ആളുകളെ തമ്മിലടിപ്പിക്കുക, പ്രശ്‌നമുണ്ടാക്കുക.. ഇങ്ങനെയുള്ള കാര്യങ്ങളിലാണ് അവർക്ക് താൽപര്യം-ഷൈൻ വിമർശിച്ചു.
മനുഷ്യനെന്ന പരിഗണനയില്ലാതെയാണ് ചിലർ പ്രകോപിപ്പിക്കുന്നതെന്ന് ഷൈനിനെ പിന്തുണച്ച് ടോവിനോയും പറഞ്ഞു. ''ഇത് ഈ കാലഘട്ടത്തിന്റെ പ്രശ്‌നമാണ്. ക്ലിക്ക് ബൈറ്റിനും കണ്ടന്റിന്റെ കാഴ്ചക്കാരെ കൂട്ടാനും നോക്കുമ്പോൾ ഇതു മനുഷ്യനാണെന്ന കാര്യം മറക്കരുത്. അദ്ദേഹം ഒരു മനുഷ്യനല്ലേ? അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കുക. ആരെയും ദ്രോഹിച്ചിട്ടല്ലല്ലോ നമ്മുടെ കണ്ടന്റിന് റീച്ചുണ്ടാക്കേണ്ടത്?''-ടോവിനോ പറഞ്ഞു.
ആഷിഖ് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന 'തല്ലുമാല' വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാൻ അവറാൻ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
കൊറിയോഗ്രാഫർ-ഷോബി പോൾരാജ്, സംഘട്ടനം-സുപ്രിം സുന്ദർ, കലാ സംവിധാനം-ഗോകുൽ ദാസ്, ശബ്ദമിശ്രണം-വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, ചീഫ് അസോസിയേറ്റ്-റഫീക്ക് ഇബ്രാഹിം, ശിൽപ അലക്‌സാണ്ടർ, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, സ്റ്റിൽസ്-ജസ്റ്റിൻ ജെയിംസ്, പോസ്റ്റർ-ഓൾഡ്‌മോങ്ക്സ്, മീഡിയ പ്ലാനിങ്, മാർക്കറ്റിങ് ഡിസൈനിങ്- പപ്പെറ്റ് മീഡിയ.
Summary: People who didn't study journalism ask sub-standard questions in film press conferences in Malayalam, alleges actor Shine Tom Chacko