ദിവസം അഞ്ചു ബിരിയാണിയില്‍ നിന്നും പച്ചക്കറിയിലേക്ക്; 105 കിലോയില്‍ നിന്നും 70ലെത്തിയ ചിമ്പു ശരീരഭാരം കുറച്ചത് ഇങ്ങനെ..
|‘അച്ചം യെൻപത് മടമയ്യടാ’ എന്ന ചിത്രത്തിനു ശേഷമായിരുന്നു ചിമ്പുവിന്‍റെ ശരീരഭാരം കൂടിയത്
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍മാരിലൊരാളാണ് ചിമ്പു. നടന്‍ മാത്രമല്ല,സംവിധായകനും സംഗീതസംവിധായകനും ഡാന്‍സറും ഗാനരചയിതാവും പാട്ടുകാരനുമാണ് ചിമ്പു. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വലിയ ശ്രദ്ധയൊന്നും കൊടുക്കാത്ത ചിമ്പുവിനുണ്ടായ മാറ്റത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്‍റെ മുൻ ഫിറ്റ്നസ് ട്രയിനർ കൂടിയായ സന്ദീപ് രാജ്. ബിഹൈൻഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് സന്ദീപ് രാജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'അച്ചം യെൻപത് മടമയ്യടാ' എന്ന ചിത്രത്തിനു ശേഷമായിരുന്നു ചിമ്പുവിന്‍റെ ശരീരഭാരം കൂടിയത്. ലുക്കിൽ പോലും വലിയ മാറ്റമായിരുന്നു ഉണ്ടായത്. 2020ൽ സുഹൃത്തിന്‍റെ വിവാഹത്തിന് എത്തിയപ്പോൾ ആയിരുന്നു സന്ദീപ് രാജിനെ ചിമ്പു പരിചയപ്പെടുന്നത്. ആ പരിചയപ്പെടൽ പിന്നീട് ചിമ്പുവിന്‍റെ ഫിറ്റ്നസ് ട്രയിനർ ആക്കി സന്ദീപിനെ മാറ്റി.
മണിരത്നത്തിന്റെ 'ചെക്ക ചിവന്ത വാനം' എന്ന സിനിമയിൽ വളരെ വേഗത്തിൽ ഓടുന്ന ഒരു സീൻ ചിമ്പുവിന് ഉണ്ടായിരുന്നു. എന്നാൽ, ആ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ തനിക്ക് കാൽമുട്ടിന് വളരെയധികം വേദനയുണ്ടായിയെന്ന് ചിമ്പു പറഞ്ഞു. ആ സമയത്ത് താരത്തിന് ഫിസിക്കൽ ആക്ടിവിറ്റി ഒന്നും ഉണ്ടായിരുന്നില്ല. സിനിമ കണ്ട പലരും തനിക്ക് ഓടാൻ പോലും കഴിയില്ലെന്ന് പറഞ്ഞെന്നും ചിമ്പു ഓർക്കുന്നു. 'മാനാട്' സിനിമയിൽ ഒരു സീനിനായി തനിക്ക് ഓടേണ്ടി വന്നെന്നും അന്ന് ആർക്കും തന്നെ തൊടാൻ പോലും കഴിഞ്ഞില്ലെന്നും ചിമ്പു വ്യക്തമാക്കി.
ഭക്ഷണപ്രേമിയായ ചിമ്പു ഫിറ്റ്നസിന്‍റെ ഭാഗമായി ആദ്യം കുറച്ചത് ഭക്ഷണം തന്നെയായിരുന്നു. ഒരു ദിവസം അഞ്ചു ബിരിയാണി വരെ കഴിക്കാറുണ്ടായിരുന്ന താരം പതിയെ പച്ചക്കറിയിലേക്ക് മാറാന്‍ തുടങ്ങി. മാംസഭക്ഷണം തീര്‍ത്തും ഒഴിവാക്കി. ഭക്ഷണം സ്വയം പാചകം ചെയ്യാന്‍ തുടങ്ങി. എല്ലാം ദിവസവും രാവിലെ നാലരക്ക് മുന്‍പായി എഴുന്നേല്‍ക്കും. നടത്തം, നീന്തൽ, സ്‌പോർട്‌സ്, കാർഡിയോ എന്നിവ ഫിറ്റ്‌നസ് ദിനചര്യയിൽ ഉൾപ്പെടുത്തി. 105 കിലോ ഭാരമുണ്ടായിരുന്ന ചിമ്പുവിന്‍റെ ശരീരഭാരം 2021 ഫെബ്രുവരി ആയപ്പോള്‍ 10 കിലോയോളം കുറഞ്ഞു. അവസാനം പരിശോധിച്ചപ്പോൾ 70 കിലോ ആയിരുന്നു അദ്ദേഹത്തിന്‍റെ ഭാരമെന്നും സന്ദീപ് രാജ് പറഞ്ഞു.