Entertainment
മമ്മുക്കയെയും ജ്യോതികയെയും കാണാൻ സൂര്യ എത്തി; കാതൽ ലൊക്കേഷനിൽ നടിപ്പിൻ നായകൻ
Entertainment

മമ്മുക്കയെയും ജ്യോതികയെയും കാണാൻ സൂര്യ എത്തി; 'കാതൽ' ലൊക്കേഷനിൽ നടിപ്പിൻ നായകൻ

Web Desk
|
9 Nov 2022 12:32 PM GMT

ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് കാതൽ. തെന്നിന്ത്യൻ താരം ജ്യോതികയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. കാതലിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതൽ.

ഇപ്പോഴിതാ ചിത്രത്തിന്റെ ലോക്കേഷനിലേക്ക് തമിഴ് നടൻ സൂര്യ എത്തിയിരിക്കുന്നു. സൂര്യ ലാക്കേഷനിലെത്തുന്നതും അഭിനേതാക്കളെ കാണുന്നതുമായ വീഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

മെഗാസ്റ്റാറിനൊപ്പം നടിപ്പിൻ നായകൻ എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്ന സൂര്യയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. കാതലിൽ ഗെസ്റ്റ് റോളിൽ സൂര്യ എത്തുന്നുണ്ടോ എന്നാണ് പോസ്റ്റുകൾക്ക് താഴെ വരുന്ന മറ്റു കമൻറുകൾ.

"ആദ്യദിനം മുതല്‍, ഈ ചിത്രത്തിന്‍റെ ആശയം, ഒപ്പം സംവിധായകന്‍ ജിയോ ബേബിയും മമ്മൂട്ടി കമ്പനി അണിയറക്കാരും എടുത്ത ഓരോ ചുവടും ഗംഭീരമായിരുന്നു. മമ്മൂക്കയ്ക്കും ജോയ്ക്കും (ജ്യോതിക) കാതലിന്‍റെ മറ്റ് അണിയറക്കാര്‍ക്കും എല്ലാവിധ ആശംസകളും", എന്നായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപന വേളയില്‍ സൂര്യയുടെ ട്വീറ്റ്.

രണ്ടു പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. തിരക്കഥ: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: സാലു കെ.തോമസ്, എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്:ഷാജി നടുവില്‍.

Similar Posts