Kerala
നടന്‍ വി.പി ഖാലിദ് അന്തരിച്ചു
Kerala

നടന്‍ വി.പി ഖാലിദ് അന്തരിച്ചു

Web Desk
|
24 Jun 2022 5:57 AM GMT

ഹൃദയാഘാതത്തെ തുടർന്ന് വൈക്കത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം

കൊച്ചി: നാടക, സീരിയൽ നടൻ വി.പി. ഖാലിദ് എന്ന കൊച്ചിൻ നാഗേഷ് അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വൈക്കത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.

വൈക്കത്ത് ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വച്ചാണ് ഹൃദയാഘാതമുണ്ടായത്. ലൊക്കേഷനിലെ ശുചിമുറിയിൽ വീണനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ് സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്.

പ്രൊഫഷണൽ നാടകരംഗത്ത് കൊച്ചിൻ സനാതനയുടെ എഴുന്നള്ളത്ത്, ആലപ്പി തിയറ്റേഴ്സിന്റെ ഡ്രാക്കുള, അഞ്ചാം തിരുമുറിവ് എന്നിങ്ങനെ പല സൂപ്പർഹിറ്റ് നാടകങ്ങളിലും വേഷമിട്ടിരുന്നു. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ആംഗ്ലോ ഇന്ത്യൻ സ്വാധീനം വെസ്റ്റേൺ ഡാൻസിലേക്ക് നയിച്ചു. റോക്ക് & റോൾ, ട്വിസ്റ്റ് നൃത്ത ശൈലികളൊക്കെ അഭ്യസിച്ച ഖാലിദ്, ആദ്യകാല മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിയിൽ നിന്നും മാജിക്കും അഭ്യസിച്ചിരുന്നു. സൈക്കിൾ യജ്ഞ ക്യാമ്പിൽ റെക്കോർഡ് ‌ഡാൻസറായുള്ള പ്രകടനം ജനശ്രദ്ധയാകർഷിച്ചിരുന്നതിനാൽ സംഗീതം, നൃത്തം, പാവകളി, മാജിക്, സർക്കസ് തുടങ്ങിയ കലാരൂപങ്ങളൊക്കെ ഒത്തിണക്കി ടിക്കറ്റ് ഷോ പ്രകടനങ്ങൾ നടത്തിയിരുന്നു.

1973ൽ പി.ജെ ആന്‍റണി സംവിധാനം ചെയ്ത പെരിയാറെന്ന സിനിമയിലൂടെ ആണ് ഖാലിദ് മലയാള സിനിമയിലേക്കെത്തുന്നത്. ഏണിപ്പടികൾ, പൊന്നാപുരം കോട്ട തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.



Related Tags :
Similar Posts