പെരുന്നാള്‍ ആശംസയ്ക്ക് താഴെ വിദ്വേഷ കമന്‍റ്: മറുപടിയുമായി അനു സിതാര
|'പരിവര്‍ത്തനം എങ്ങോട്ട്'? എന്നാണ് പോസ്റ്റിന് താഴെ ഒരാള്‍ വന്നുചോദിച്ചത്
നടി അനു സിതാര പെരുന്നാള്‍ ആശംസ അറിയിച്ച് പങ്കുവെച്ച വീഡിയോക്ക് താഴെ വര്‍ഗീയ പരാമര്‍ശം. വിദ്വേഷ പരാമര്‍ശത്തിന് അനു സിതാര ഉടന്‍ മറുപടിയും നല്‍കി.
പതിനാലാം രാവുദിച്ചത്.. എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ തട്ടമിട്ട അനു സിതാരയാണ് വീഡിയോയിലുള്ളത്. 'പരിവര്‍ത്തനം എങ്ങോട്ട്'? എന്നാണ് പോസ്റ്റിന് താഴെ ഒരാള്‍ വന്നുചോദിച്ചത്. മനുഷ്യനായാണ് പരിവര്‍ത്തനം എന്നാണ് അനു സിതാര നല്‍കിയ മറുപടി. ഈ മറുപടിക്ക് പിന്തുണയുമായി നിരവധി പേരെത്തി.
അനു സിതാരയുടെ മാതാപിതാക്കള്‍ മിശ്രവിവാഹിതരാണ്. പിതാവ് അബ്ദുള്‍ സലാമിന്റെയും മാതാവ് രേണുകയുടെയും വിപ്ലവ കല്യാണമാണെന്നാണ് അനു സിതാര ഒരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞത്. നോമ്പെടുക്കാറുണ്ട്. ഓണവും റമദാനും വിഷുവുമൊക്കെ ആഘോഷിക്കാറുണ്ടെന്നും അനു സിതാര പറയുകയുണ്ടായി.
തന്റെ മകന്‍ നോമ്പെടുത്ത കാര്യം പങ്കുവെച്ച നടന്‍ നിര്‍മ്മല്‍ പാലാഴിക്കെതിരെയും വിദ്വേഷ കമന്‍റുകള്‍ ഉണ്ടായിരുന്നു. ആദ്യ റമദാൻ വ്രതം നോറ്റ് ബാങ്ക് വിളിക്കുവേണ്ടി കാത്തിരിക്കുന്ന മകന്‍റെ ചിത്രമാണ് നിര്‍മല്‍ പാലാഴി പങ്കുവെച്ചത്. സുഹൃത്തുക്കൾ നോമ്പ് എടുക്കുന്നത് കണ്ടിട്ടാണ് മകന് നോമ്പ് എടുക്കാൻ ആഗ്രഹം തോന്നിയത്. രാവിലെ കുഴപ്പമില്ലായിരുന്നെങ്കിലും ഉച്ചയായപ്പോൾ മുഖം വാടി. നിനക്ക് കഴിയുകയില്ല, എന്തെങ്കിലും കഴിക്കെന്ന് നിർബന്ധിച്ചെങ്കിലും എല്ലാവരെയും ഞെട്ടിച്ച് മകൻ നോമ്പ് പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്ന് നിർമൽ കുറിച്ചു. വിശപ്പ് എന്തെന്നും അതിന്‍റെ വിലയും അവനും മനസ്സിലാക്കട്ടെ എന്ന് പറഞ്ഞാണ് നിർമൽ പോസ്റ്റ് അവസാനിപ്പിച്ചത്. പോസ്റ്റിന് താഴെ ചിലര്‍ വര്‍ഗീയ കമന്‍റുകളുമായെത്തി. മാനസിക രോഗമാണിത് എന്ന തരത്തിലും മറ്റും വന്ന കമന്‍റുകള്‍ക്ക് നിങ്ങളുടെ രോഗത്തിന് ചികിത്സ ഇല്ലാതായിപ്പോയല്ലോ സഹോദരാ എന്നാണ് നിര്‍മല്‍ പാലാഴി നല്‍കിയ മറുപടി.