സീരിയലിലെ കാമുകൻ ഇനി ജീവിതത്തിൽ നായകൻ; നടി ചന്ദ്ര ലക്ഷ്മൺ വിവാഹിതയാകുന്നു
|2002ൽ പൃഥ്വിരാജ് ചിത്രമായ 'സ്റ്റോപ്പ് വയലൻസി'ലൂടെയാണ് ചന്ദ്ര ലക്ഷ്മൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്
മലയാള സീരിയൽ പ്രേക്ഷകരുടെ 'സ്വന്തം സുജാത'യ്ക്ക് മാംഗല്യം. നടി ചന്ദ്ര ലക്ഷ്മണിന്റെ ജീവിതനായകനാകാനെത്തുന്നത് സീരിയയിലെ കാമുകൻ തന്നെ! ജനപ്രിയ സീരിയൽ 'സ്വന്തം സുജാത'യിലെ സഹതാരം ടോഷ് ക്രിസ്റ്റിയാണ് വരൻ.
ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ചന്ദ്ര ലക്ഷ്മൺ തന്നെയാണ് വിവാഹവിവരം പുറത്തുവിട്ടത്. സാറമ്മയും ജോകുട്ടനും പിന്നെ സുജാതയും എന്ന അടിക്കുറിപ്പോടെ ദിവസങ്ങൾക്കുമുൻപ് ടോഷ് ക്രിസ്റ്റിക്കൊപ്പമുള്ള ചിത്രം ചന്ദ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇന്ന് വിവാഹത്തെക്കുറിച്ചുള്ള വിവരം ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്തു. കൈചേർത്തു പിടിച്ചുകൊണ്ടുള്ള ചിത്രവും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
''അതെ! അതായിരുന്നു ഞങ്ങൾ പറഞ്ഞത്. കുടുംബങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹങ്ങളോടെയും ഞങ്ങൾ പുതിയൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്. ഈ സന്തോഷത്തിൽ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. വിവാഹത്തെക്കുറിച്ചുള്ള അവസാനമില്ലാത്ത ചോദ്യങ്ങൾക്കെല്ലാം അന്ത്യംകുറിക്കുകയാണ്. കൂടുതൽ വിവരങ്ങൾ വൈകാതെ വരും. എപ്പോഴുമെന്ന പോലെ ഞങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുകയും ചെയ്യണം''-ഇൻസ്റ്റഗ്രാമിൽ ഇരുവരും കുറിച്ചു.
2002ൽ പൃഥ്വിരാജ് ചിത്രമായ 'സ്റ്റോപ്പ് വയലൻസി'ലൂടെയാണ് ചന്ദ്ര ലക്ഷ്മൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, ബൽറാം v/s താരാദാസ്, പച്ചക്കുതിര, ചക്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2003ലാണ് സീരിയൽ രംഗത്തെത്തുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതിലേറെ പരമ്പരകളിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.