Entertainment
Top actor asked me to meet him alone: Indian actress Isha Koppikar reveals casting couch experience

ഇഷ ഗോപികര്‍

Entertainment

'ഡ്രൈവറെ കൂട്ടാതെ, ഒറ്റയ്ക്ക് കാണണമെന്ന് പ്രമുഖ ബോളിവുഡ് നടന്‍ ആവശ്യപ്പെട്ടു'; 'കാസ്റ്റിങ് കൗച്ച്' അനുഭവം വെളിപ്പെടുത്തി നടി ഇഷ ഗോപികര്‍

Web Desk
|
22 Jun 2024 1:13 PM GMT

ജോലി വേണമെങ്കില്‍ നടന്മാരുമായി നല്ല സൗഹൃദത്തിലാകണമെന്നായിരുന്നു ഒരിക്കല്‍ ഒരു താരവും സെക്രട്ടറിയും ഉപദേശിച്ചതെന്ന് ഇഷ പറഞ്ഞു

മുംബൈ: സിനിമയിലെ തുടക്കക്കാലത്ത് നേരിട്ട കാസ്റ്റിങ് കൗച്ച്(ജോലിക്കു പകരം ലൈംഗികതാല്‍പര്യങ്ങള്‍ക്കു വഴങ്ങല്‍) അനുഭവങ്ങള്‍ വെളിപ്പെടുത്തി ബോളിവുഡ് താരം ഇഷ ഗോപികര്‍. 22-23 വയസില്‍ ഒരു പ്രമുഖ നടന്‍ ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് നടി വെളിപ്പെടുത്തി. സിനിമയില്‍ അരങ്ങേറ്റം കുറിച്ച 18-ാം വയസില്‍ തന്നെ ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ''ഒരിക്കല്‍ ഒരു നടന്‍ ഒറ്റയ്ക്കു വരാന്‍ ആവശ്യപ്പെട്ടു. ഡ്രൈവറോ മറ്റാരും കൂടെയുണ്ടാകരുതെന്നും പറഞ്ഞു. നേരത്തെ തന്നെ ചില നടിമാരുടെ പേരുപറഞ്ഞ് തനിക്കെതിരെ വിവാദങ്ങളും പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നാണ് ഇതിനു കാരണമായി നടന്‍ പറഞ്ഞത്. ബോളിവുഡിലെ എ ലിസ്റ്റില്‍പെട്ട നടനായിരുന്നു ഇത്. അന്ന് എനിക്ക് 22-23 വയസേ പ്രായമായിരുന്നുള്ളൂ''-ഇഷ വെളിപ്പെടുത്തി.

പലരും മോശമായ രീതിയില്‍ പെരുമാറുകയും ശരീരഭാഗങ്ങളില്‍ തൊടുകയും ചെയ്യുമായിരുന്നുവെന്നും ഇഷ ഗോപികര്‍ പറഞ്ഞു. താരങ്ങളോട് നല്ല സൗഹൃദത്തിലായിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുമായിരുന്നു. 18 വയസ് എങ്ങാനുമുള്ള സമയത്ത് ഒരു നടനും സെക്രട്ടറിയും കാസ്റ്റിങ് കൗച്ചിനായി എന്നെ സമീപിച്ചിരുന്നു. ജോലി വേണമെങ്കില്‍ നടന്മാരുമായി നല്ല സൗഹൃദത്തിലാകണമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഞാന്‍ എല്ലാവരോടും നല്ല സൗഹൃദത്തില്‍ തന്നെയാണ്. എന്നാല്‍, ഇവര്‍ ഈ സൗഹൃദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നും ഇഷ ചോദിച്ചു.

1998ല്‍ പുറത്തിറങ്ങിയ ഏക് താ ദില്‍ ഏക് തി ധഡ്കന്‍ എന്ന ചിത്രത്തിലായിരുന്നു ഇഷ ഗോപികറിന്റെ അരങ്ങേറ്റം. ഫിസ, പ്യാര്‍ ഇഷ്‌ക് ഔര്‍ മൊഹബ്ബത്ത്, കമ്പനി, പിഞ്ചര്‍, ഡോണ്‍, ദില്‍ കാ രിഷ്ത തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2024ല്‍ പുറത്തിറങ്ങിയ 'അയാളന്‍' എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി പ്രധാന വേഷത്തിലെത്തിയത്. ഹിന്ദിക്കും തമിഴിനും പുറമെ കന്നഡ, തെലുങ്ക് ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ റെസ്റ്റോറന്റ് വ്യവസായി ടിമ്മി നാരങ്ങുമായി ഇഷ വേര്‍പിരിഞ്ഞിരുന്നു. 2009ലാണ് ഇവര്‍ വിവാഹിതരായത്.

Summary: 'Top actor asked me to meet him alone': Indian actress Isha Koppikar reveals casting couch experience

Similar Posts