'52 ലക്ഷം രൂപയുടെ കുതിര, ഒമ്പത് ലക്ഷം രൂപയുടെ പേർഷ്യൻ പൂച്ച, ആകെ കിട്ടിയത് 5.71 കോടി'; തട്ടിപ്പു കേസിൽ ജാക്വിലിൻ ഫെർണാണ്ടസിനെതിരെ ഇഡി
|നേരത്തെ നടിയുടെ ഏഴു കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ ഇ.ഡി കണ്ടു കെട്ടിയിരുന്നു
മുംബൈ: സുകേഷ് ചന്ദ്രശേഖർ മുഖ്യ സൂത്രധാരനായ 215 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിപ്പട്ടികയില്‍ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസും. ഡൽഹി പാട്യാല കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ജാക്വിലിന്റെ പേരുള്ളത്. കേസിൽ നേരത്തെ നടിയുടെ ആസ്തികൾ ഇ.ഡി പിടിച്ചെടുക്കുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കള്ളപ്പണ നിരോധന നിയമപ്രകാരം 7.12 കോടി രൂപയുടെ ആസ്തിയാണ് ഇ.ഡി കണ്ടുകെട്ടിയിരുന്നത്.
'തട്ടിപ്പിൽ നിന്ന് ലഭിച്ച പണത്തിൽനിന്ന് 5.71 കോടി രൂപയാണ് സുകേഷ് ചന്ദ്രശേഖർ ജാക്വിലിൻ ഫെർണാണ്ടസിന് നൽകിയിട്ടുള്ളത്. ദീർഘകാല സുഹൃത്തും കേസിലെ മറ്റൊരു പ്രതിയുമായ പിങ്കി ഇറാനി വഴിയാണ് പാരിതോഷികങ്ങൾ നടിക്ക് നൽകിയത്' - ഇ.ഡി പറയുന്നു.
52 ലക്ഷം രൂപ വില വരുന്ന കുതിര, ഒമ്പതു ലക്ഷം രൂപ വില വരുന്ന പേർഷ്യൻ പൂച്ച എന്നിവ പാരിതോഷികങ്ങളിൽപ്പെടുന്നു. 5.71 കോടി രൂപയുടെ സമ്മാനങ്ങളാണ് കൈമാറിയത്. ജാക്വിലിന്റെ കുടുംബാംഗങ്ങൾക്ക് വൻതോതിൽ പണം നൽകിയതായും കുറ്റപത്രത്തിൽ വ്യക്തമാക്കി. കേസില്‍ നടിയെ അറസ്റ്റു ചെയ്തേക്കില്ല. എന്നാല്‍ രാജ്യം വിട്ടു പോകുന്നതിന് വിലക്കുണ്ട്.
കേസിൽ സുകേഷ് ചന്ദ്രശേഖർ, ഭാര്യയും നടിയുമായ ലീന മരിയ പോൾ ഉൾപ്പെടെ എട്ടു പേരെയാണ് ഇ.ഡി അറസ്റ്റു ചെയ്തിട്ടുള്ളത്. ലങ്കൻ സ്വദേശിനിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. 2009ലാണ് ബോളിവുഡിൽ അരങ്ങേറിയത്.
ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്ക് ശാഖയിൽനിന്ന് 19 കോടിയുടെ വായ്പത്തട്ടിപ്പ്, ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 76 ലക്ഷത്തിന്റെ തട്ടിപ്പ് എന്നിവയുടെ പേരിൽ 2013ലാണ സുകേഷും ലീനയും ആദ്യമായി അറസ്റ്റിലായത്. അന്ന് ഒമ്പത് ആഡംബര കാറുകളും തോക്കുകളും ഇവരുടെ സ്ഥാപനങ്ങളിൽനിന്ന് പിടിച്ചെടുത്തിരുന്നു. തട്ടിപ്പു കേസിൽ തിഹാർ ജയിലിൽ കഴിയവെ, ജീവനക്കാർ വഴി സംഘടിപ്പിച്ച ഫോൺ വഴിയായിരുന്നു സുകാഷിന്റെ തട്ടിപ്പ്. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷവും ഇരുവരും തട്ടിപ്പു തുടരുകയായിരുന്നു.
നടിയെ വീഴ്ത്തിയത് സ്പൂഫ് കാൾ
'സ്പൂഫ് കോൾ' നടത്തിയാണ് ജാക്വിലിൻ ഫെർണാണ്ടസുമായി സുകേഷ് അടുപ്പം സ്ഥാപിച്ചത്. ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങൾ നിർമിക്കുന്നുണ്ടെന്നും അവയിൽ നായികയാക്കാമെന്നും ഇയാൾ നടിക്കു വാക്കു നൽകിയിരുന്നു. കൂടാതെ വിലകൂടിയ പാരിതോഷികങ്ങളും നൽകി. ടിവി നെറ്റ്വർക്കിന്റെ ഉടമയാണ് എന്നും ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുപ്പക്കാരനാണ് എന്നും ഇയാൾ നടിയെ വിശ്വസിപ്പിച്ചു.
അതിനിടെ, സുകേഷും ജാക്വിലിനും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ചിത്രം. തങ്ങൾ തമ്മിൽ ബന്ധമില്ലെന്നും തട്ടിപ്പ് നടത്താനായി സുകേഷ് തന്റെ പേര് ഉപയോഗിക്കുകയായിരുന്നു എന്നുമായിരുന്നു നടിയുടെ വാദം.
കേസിൽ ഇടക്കാല ജാമ്യത്തിലിരിക്കെ 2021 ഏപ്രിൽ-ജൂൺ മാസങ്ങളിൽ എടുത്തതാണ് ചിത്രം. ജാക്വിലിൻ സെൽഫിയെടുക്കുന്ന മൊബൈൽ ഫോണായ ഐഫോൺ 12 സുകേഷിന്റെ കൈവശമുണ്ടായിരുന്നതാണ്. ഇസ്രയേൽ സിം കാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിച്ച ഈ ഫോൺ ഉപയോഗിച്ചാണ് സുകേഷ് ജയിലിൽ നിന്ന് തട്ടിപ്പ് നടത്തിയത്.
കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ, സുകേഷിന്റെ അഭിഭാഷകൻ ആനന്ദ് മാലിക് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്ന് വാദിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ സുകേഷുമായോ പങ്കാളി ലീനയുമായോ ഒരുതരത്തിലുമുള്ള ബന്ധവുമില്ലെന്ന് ജാക്വിലിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. കേസിലെ സാക്ഷിയെന്ന നിലയിൽ മൊഴിയെടുക്കാൻ മാത്രമാണ് നടിയെ വിളിപ്പിച്ചത് എന്നായിരുന്നു വിശദീകരണം. ഈ വാദത്തെ ദുർബലപ്പെടുത്തുന്നതായിരുന്നു ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ.
നടി നോറ ഫത്തേഹിക്കും സുകേഷ് വിലകൂടിയ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. അത്യാഡംബര കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സുകേഷും നോറയും നടത്തിയ ചാറ്റും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 2020 ഡിസംബറിൽ സുകേഷ് നോറക്ക് ഒരു ബി.എം.ഡബ്ല്യു കാർ സമ്മാനമായി നൽകിയതായെന്ന് ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നോറ ഫത്തേഫിയെയും ഇ.ഡി പലതവണ ചോദ്യം ചെയ്തിരുന്നു.