വയസ് 50 ആകുന്നു, സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ട്; വീഡിയോയുമായി നടി കനക
|ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താൽ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു കനക. രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയകാന്ത്, ജയറാം, മുകേഷ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച കനക 2000ല്‍ പുറത്തിറങ്ങിയ ഈ മഴ തേന്‍മഴയിലാണ് ഒടുവില്‍ അഭിനയിച്ചത്. പിന്നീട് സിനിമക്ക് ഇടവേള നല്‍കിയ കനകയെ പിന്നീട് ആരും കണ്ടതുമില്ല. ഇതിനിടയില്‍ കനക രോഗിയായി കഴിയുകയാണെന്നും മരിച്ചെന്നുമുള്ള വ്യാജവാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ സിനിമയില്‍ തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് കനക. വയസ് അമ്പതിനടുത്തായി എന്നും അഭിനയിക്കാന്‍ തുടങ്ങിയിട്ട് 30 വര്‍ഷത്തിലേറെ ആയെന്നും കനകയുടെ വീഡിയോയില്‍ പറയുന്നു.
കനകയുടെ വാക്കുകൾ
'ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30 വർഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസിനടുത്തായി. കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താൽ പഴഞ്ചനായിപ്പോയി എന്ന് പുതിയ തലമുറ പറഞ്ഞേക്കാം. ഒരു പത്ത് വർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഇതിനിടയിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങൾ ആയിരുന്നു അതിന് കാരണം. ഈ പ്രായത്തിലും എല്ലാം പുതുതായി പഠിക്കാനും എന്നെ അപ്ഡേറ്റ് ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്.'
'ചെറിയ പ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാൻ കഴിയില്ല. ചിലപ്പോൾ ഒരുപാടുനാൾ എടുത്തേക്കും. മനസിൽ ആഗ്രഹം ഉണ്ടെങ്കിൽ എന്തും പെട്ടെന്ന് പഠിക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഇല്ലെങ്കിൽ ഒരുപാട് കഷ്ടപ്പെട്ട് പഠിക്കും. ഇനിയിപ്പോൾ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസായ കാലത്താണോ ബോധമുദിച്ചത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.'
'എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് സന്തോഷമേ ഉള്ളൂ. ഞാൻ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമർശനവും എന്നെ അറിയിക്കാൻ മടിക്കേണ്ട. നിങ്ങളുടെ വിമർശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കും. നമ്മെ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ'- കനക വീഡിയോയിൽ പറയുന്നു.