സിനിമാ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത പേരാണ് വിനയൻ: മാല പാര്‍വതി
|സിനിമാ മേഖലയിലെ ആറാട്ടുപുഴ വേലായുധനാണ് വിനയനെന്ന് പത്തൊമ്പതാം നൂറ്റാണ്ട് കണ്ടപ്പോൾ തോന്നിയെന്ന് മാല പാര്‍വതി
വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയെ പ്രശംസിച്ച് നടി മാല പാര്‍വതി. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ തമസ്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത ഒരു പേര് ആണ് ഡയറക്ടർ വിനയൻ എന്നത് ഒരു പരസ്യമായ രഹസ്യമാണ്. പല തരത്തിലുള്ള വിലക്കുകൾ, ഗ്രൂപ്പ് പ്രശ്നങ്ങൾ, തർക്കങ്ങൾ എല്ലാത്തിനും കാരണം വിനയനാണെന്ന് ഒളിഞ്ഞും തെളിഞ്ഞും ആളുകള്‍ പറയുമ്പോഴും സിനിമയെ നിലനിർത്തുന്ന തൊഴിലാളികളുടെ കൺകണ്ട ദൈവമാണ് അദ്ദേഹം. സിനിമാ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് വിനയനെന്ന് പത്തൊമ്പതാം നൂറ്റാണ്ട് കണ്ടപ്പോൾ തനിക്ക് തോന്നിയെന്നും മാല പാര്‍വതി ഫേസ് ബുക്കില്‍ കുറിച്ചു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
പത്തൊമ്പതാം നൂറ്റാണ്ട് കണ്ടു. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ തമസ്ക്കരിക്കപ്പെട്ട വ്യക്തിത്വങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ ഓരോ ആസ്പക്ടും എടുത്ത് പറയേണ്ടതാണ്. ആർട്ട് ( അജയന്‍ ചാലിശ്ശേരി) കോസ്റ്റ്യൂം (ധന്യ ബാലകൃഷ്ണൻ ) മേക്കപ്പ് ( പട്ടണം റഷീദ്) ക്യാമറ, സ്റ്റണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം. ഓണക്കാലത്ത് കാണാവുന്ന എന്നല്ല, മലയാളികൾ കണ്ടിരിക്കേണ്ട ഈഴവർ തൊട്ട് താഴോട്ടുള്ള അധ:കൃതർ എന്ന് സമൂഹം വിളിച്ചിരുന്ന ഒരു വലിയ വിഭാഗം അനുഭവിച്ചിരുന്ന നെറികേടിന്‍റെ കഥ. അതിനെതിരെ നടന്ന ചെറുത്ത് നിൽപ്പിന്‍റെ കഥ. ആറാട്ടുപുഴ വേലായുധന്‍റെയും നങ്ങേലിയുടെയും കഥ.
ആറാട്ടുപുഴ വേലായുധനായി എത്തിയ സിജു വില്‍സണ്‍ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി. കയാദു ലോഹർ നങ്ങേലിയായും തിളങ്ങി. സുദേവ് നായര്‍, അലൻസിയർ, സുനില്‍ സുഖദ, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങി ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം അവനവന്‍റെ റോളുകൾ കെങ്കേമമാക്കി.
എന്നാൽ ഈ കുറിപ്പ് എനിക്ക് എഴുതാൻ തോന്നിയത് മറ്റൊരു കാരണത്താലാണ്. സിനിമ ഇൻഡസ്ട്രിയിലെ പറയാൻ പാടില്ലാത്ത ഒരു പേര് ആണ് ഡയറക്ടർ വിനയൻ എന്നത് ഒരു പരസ്യമായ രഹസ്യമാണ്. പല തരത്തിലുള്ള വിലക്കുകൾ, ഗ്രൂപ്പ് പ്രശ്നങ്ങൾ, തർക്കങ്ങൾ എല്ലാത്തിനും കാരണം ഡയറക്ടർ വിനയന്‍ ടി.ജി എന്ന് ഒളിഞ്ഞും തെളിഞ്ഞും ആൾക്കാർ പറയുമ്പോഴും.. സിനിമയെ നിലനിർത്തുന്ന തൊഴിലാളികളുടെ കൺകണ്ട ദൈവമാണ് ഇദ്ദേഹം. ഡ്രൈവർമാർ, ലൈറ്റിലെ, യൂണിറ്റിലെ, മേക്കപ്പിലെ എന്ന് വേണ്ട ആര് സംസാരിക്കുമ്പോഴും ഇദ്ദേഹത്തിനെ കുറിച്ച് നൂറു നാവാണ്. ഒരു വ്യക്തി ഒരു വിഷയം തിരഞ്ഞെടുക്കുന്നത് എന്തിനാണ് എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഈ സിനിമ കണ്ടപ്പോൾ എനിക്കത് വ്യക്തമായി. മാറ്റിനിർത്തപ്പെടുന്നവന്‍റെ വേദന അനുഭവിച്ചിട്ടുള്ള, അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി പൊരുതുന്ന ആറാട്ടുപുഴ വേലായുധന്‍റെ കഥ ഡയറക്ടർ വിനയൻ എന്തുകൊണ്ട് സിനിമയാക്കി എന്ന്.
പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമല്ല, എല്ലാ കാലത്തും എല്ലാ ഇടത്തും ആറാട്ടുപുഴ വേലായുധൻമാരുണ്ട്. അതാത് കാലത്തെ നാടുവാഴികൾക്കും അവരുടെ പിണിയാളന്മാർക്കും എതിർപ്പ് തോന്നിയാൽ അവർ അങ്ങനെയുള്ളവരെ മാറ്റിനിർത്തും. ഒഴിവാക്കും. വിലക്കേർപ്പെടുത്തും. സിനിമ മേഖലയിലെ ഒരു ആറാട്ടുപുഴ വേലായുധനാണ് ശ്രീ വിനയൻ എന്ന് ഈ ചിത്രം കണ്ടപ്പോൾ എനിക്ക് തോന്നി.
അതുപോലെ തന്നെ, തിളങ്ങി നിൽക്കുന്ന നായക നടന്മാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാതെ, ഒളിഞ്ഞിരുന്ന ഒരു നടനെ, ആറാട്ടുപുഴ വേലായുധനായി അവതരിപ്പിച്ചതിലും ഇതേ രാഷ്ട്രീയം കാണാം. നടനെ താരമാക്കി.. തമസ്ക്കരിക്കപ്പെടാതെ കാത്തു. മണികണ്ഠന്‍ അചാരിയെ പോലെ, മുസ്തഫയെ പോലുള്ള പ്രതിഭാധനന്മാരായ നടന്മാരെ ചിത്രത്തിന്‍റെ ഭാഗമാക്കുന്നതിന്‍റെ രാഷ്ട്രീയവും വേറെ അല്ല. പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യാൻ ശ്രമിച്ചതിനും, അതിന് ഒപ്പം നിന്ന നിർമ്മാതാവ് ശ്രീ ഗോകുലം ഗോപാലനും അഭിനന്ദനങ്ങൾ.