'സഹായത്തിനായി ഉറക്കെ നിലവിളിച്ചു, അവരാണ് രക്ഷപ്പെടുത്തിയത്'; ഊബർ ഡ്രൈവറിൽ നിന്നുണ്ടായ അനുഭവം പങ്കുവെച്ച് നടി മാനവ
|'ഹെൽപ്പ് ലൈൻ എക്‌സിക്യുട്ടീവുമായി സംസാരിക്കുന്നതിനിടെ ഡ്രൈവർ വാഹനത്തിന്റെ വേഗത വീണ്ടും കൂട്ടി. പലതവണ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് തയ്യാറായില്ല'
ന്യൂഡല്‍ഹി: ഊബർ ഡ്രൈവറിൽ നിന്ന് നേരിട്ട മോശം അനുഭവത്തെ കുറിച്ച് വിവരിച്ച് നടിയും സംവിധായികയുമായ മാനവ നായിക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി തനിക്ക് നേരിടേണ്ടി വന്ന അനുഭവം തുറന്ന് പറഞ്ഞത്.കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോകുമ്പോഴാണ് ഊബർ ഡ്രൈവറിൽ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്നതെന്നും മാനവ പോസ്റ്റിൽ പറയുന്നു.
രാത്രി 8.15ന് ബാന്ദ്ര കുർള കോംപ്ലക്സിൽ നിന്ന് വീട്ടിലേക്ക് പോകാനാണ് ഊബർ വിളിച്ചത്. ഡ്രൈവർ മൊബൈലിൽ സംസാരിച്ചു കൊണ്ടാണ് വാഹനം ഓടിച്ചത്. ഡ്രൈവ് ചെയ്യുന്നതിനിടെ ഫോൺ ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചെന്നും ഡ്രൈവർ പല തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് കാർ ഓടിച്ചതെന്നും മാനവ പറഞ്ഞു.
'ട്രാഫിക് പൊലീസുകാരൻ ക്യാബ് നിർത്തി ഫോട്ടോയെടുത്തു. ഈ സമയത്ത് ഡ്രൈവർ പൊലീസുകാരനോട് തർക്കിക്കാൻ തുടങ്ങി. നടി ഇടപെട്ടാണ് ഇത് തടഞ്ഞത്. നിങ്ങൾ ഫൈൻ അടക്കുമോ എന്ന് ചോദിച്ച് തന്നോട് ഡ്രൈവർ ആക്രോശിച്ചതായും നടിയുടെ പോസ്റ്റിൽ പറയുന്നു.ഇതോടെ കാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ താൻ ഡ്രൈവറോട് പറഞ്ഞെന്നും പക്ഷേ ഡ്രൈവർ ബികെസിയിലെ ഇരുട്ട് നിറഞ്ഞ സ്ഥലത്ത് വാഹനം നിർത്തുകയാണ് ചെയ്തതെന്നും നടി പറയുന്നു.
'ഡ്രൈവർ വാഹനം വേഗത്തിലാക്കി പ്രിയദർശനി പാർക്കിനും ചുനഭട്ടി റോഡിനും ഇടയിലുള്ള വഴിയിലേക്ക് പോയി. ഇക്കാര്യം പരാതിപ്പെടാൻ താൻ ഊബർ സേഫ്റ്റി ഹെൽപ്പ് ലൈനിലേക്ക് വിളിച്ചു.ഹെൽപ്പ് ലൈൻ എക്‌സിക്യുട്ടീവുമായി സംസാരിക്കുന്നതിനിടെ ഡ്രൈവർ വാഹനത്തിന്റെ വേഗത വീണ്ടും കൂട്ടി. പലതവണ ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് തയ്യാറായില്ല.ഡ്രൈവർ കാർ നിർത്താതെ പോകുന്നത് കണ്ടപ്പോൾ ഭയം തോന്നിയെന്നും സഹായത്തിനായി ഉറക്കെ നിലവിളിച്ചു. ഇതോടെ അതുവഴി വന്ന ഒരു ഓട്ടോറിക്ഷാ ഡ്രൈവറും ബൈക്കിലെത്തിയ രണ്ടുപേരും ചേർന്ന് ഊബർ ഡ്രൈവറെ തടഞ്ഞു നിർത്തി '. അവരാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും മാനവയുടെ കുറിപ്പിൽ പറയുന്നുണ്ട്. വണ്ടിയുടെ നമ്പറും ഡ്രൈവറും ഫോട്ടോയും നടി ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തെക്കുറിച്ച് സിറ്റി പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നും മുംബൈ ജോയിന്റ് പൊലീസ് കമ്മീഷണർ (ലോ ആൻഡ് ഓർഡർ) വിശ്വാസ് നംഗ്രെ പാട്ടീൽ അറിയിച്ചു.