Entertainment
നടി മഞ്ജിമ മോഹന്‍ വിവാഹിതയാകുന്നു; യുവനടന്‍ ഗൗതം കാർത്തിക് വരന്‍
Entertainment

നടി മഞ്ജിമ മോഹന്‍ വിവാഹിതയാകുന്നു; യുവനടന്‍ ഗൗതം കാർത്തിക് വരന്‍

ijas
|
31 Oct 2022 1:47 PM GMT

'ദേവരാട്ടം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജിമയും ഗൗതമും അടുപ്പത്തിലാകുന്നത്

നടി മഞ്ജിമ മോഹന്‍ വിവാഹിതയാകുന്നു. യുവനടന്‍ ഗൗതം കാർത്തിക് ആണ് മഞ്ജിമയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി നിന്ന ആളാണ് ഗൗതമെന്നും ആ ബന്ധം തന്‍റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറയുന്നു. ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെയാണ് താരം വിവാഹ സന്തോഷം പങ്കുവെച്ചത്. ഗൗതവും തന്‍റെ പ്രണയാനുഭവം ഇന്‍സ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉറപ്പിച്ചതാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ മഞ്ജിമ ഇത്തരം വാര്‍ത്തകളെല്ലാം നിഷേധിച്ചിരുന്നു. ഇതിനെല്ലാമൊടുവിലാണ് ഇരുവരും ഒരുമിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹ വാര്‍ത്ത പങ്കുവെയ്ക്കുന്നത്.

പ്രശസ്ത ഛായാഗ്രഹകനായ വിപിന്‍ മോഹന്‍റെ മകളായ മഞ്ജിമ ബാലതാരമായാണ് മലയാള സിനിമാ രംഗത്തെത്തുന്നത്. 'കളിയൂഞ്ഞാൽ' എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. 'മയിൽപ്പീലിക്കാവ്', 'സാഫല്യം', 'പ്രിയം' തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ‌അതിനു ശേഷം പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു മഞ്ജിമ. പിന്നീട് 2015ല്‍ നിവിന്‍ പോളി നായകനായ 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയായിരുന്നു താരത്തിന്‍റെ തിരിച്ചുവരവ്. നിലവില്‍ തമിഴിലും തെലുഗിലും സജീവമാണ് മഞ്ജിമ.

'ദേവരാട്ടം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജിമയും ഗൗതമും അടുപ്പത്തിലാകുന്നത്. നടന്‍ കാര്‍ത്തികിന്‍റെ മകനാണ് ഗൗതം കാര്‍ത്തിക്. പഴയകാല നടന്‍ മുത്തുരാമന്‍റെ ചെറുമകന്‍ കൂടിയാണ് കാര്‍ത്തിക്. മണിരത്നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു കാര്‍ത്തികിന്‍റെ സിനിമാ അരങ്ങേറ്റം. എ.ആര്‍ മുരുഗദോസ് നിര്‍മിക്കുന്ന 'ഓഗസ്റ്റ് 16, 1947' ആണ് പുതിയ പ്രൊജക്ട്. സിമ്പു നായകനായ പത്തുതലയിലും ഗൗതം നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്.

Similar Posts