Entertainment
ആക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോ? പാര്‍വതി
Entertainment

ആക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോ? പാര്‍വതി

Web Desk
|
16 Jan 2022 6:19 AM GMT

'എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്‍ലൈന്‍ മാത്രം വന്നിട്ടുപോയാല്‍ പോരാ'

ആക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് നടി പാർവതി തിരുവോത്ത്. സമൂഹമാധ്യമങ്ങളിൽ പിന്തുണ അറിയിച്ചാൽ മാത്രം പോരെന്നും പാർവതി മീഡിയവണിനോട് പറഞ്ഞു.

"അതിജീവിച്ചവളെ പിന്തുണച്ച് പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്. അവരുടെയൊക്കെ പ്രൊഡക്ഷന്‍ ഹൌസില്‍ ഇന്‍റേണല്‍ കംപ്ലെയ്ന്‍റ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് മീഡിയയും വനിതാ കമ്മീഷനും കണ്ടുപിടിക്കണം. എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്‍ലൈന്‍ മാത്രം വന്നിട്ടുപോയാല്‍ പോരാ. നിയമപരമായിട്ട് കംപ്ലെയിന്‍റ് സെല്‍ പ്രൊഡക്ഷന്‍ കമ്പനികളിലുണ്ടോ എന്ന് പരിശോധിച്ചാല്‍ ഒരു ശതമാനം പോലും ഇല്ല എന്നു കണ്ടുപിടിക്കാനാവും"- പാര്‍വതി പറഞ്ഞു.

പീഡനത്തെ അതിജീവിച്ചവരെ അധിക്ഷേപിക്കുന്നവരെ ചര്‍ച്ചയ്ക്ക് വിളിക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാത്തില്‍ നിരാശയുണ്ടെന്നും പാര്‍വതി പറഞ്ഞു- "റിപ്പോര്‍ട്ട് പുറത്തുവരില്ല, ഞങ്ങളെ സംരക്ഷിക്കാനാണെന്ന് ജസ്റ്റിസ് ഹേമ പറയുന്നു. നമ്മളെ സംരക്ഷിക്കാനായി ഒരു ഡോക്യുമെന്‍റ് ഉണ്ടാക്കുന്നു. പിന്നെ ഡോക്യുമെന്‍റില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നു എന്ന രീതിയിലാവുന്നു. റിപ്പോര്‍ട്ട് പുറത്തവരണമെന്നാണ് ആഗ്രഹം. എന്‍ക്വയറി കമ്മീഷനില്‍ പെടുന്നില്ല ഹേമ കമ്മിറ്റി എന്നത് പുതിയ അറിവാണ്. ഞങ്ങള്‍ കരുതിയത് എന്‍ക്വയറി കമ്മീഷന്‍ ആണെന്നാണ്. ഇതില്‍ എന്തൊക്കെ അറിയാതെ കിടക്കുന്നുവെന്ന് ഇനി അറിയാനിരിക്കുന്നേയുള്ളൂ. പൂര്‍ണ പിന്തുണ വനിതാകമ്മീഷന്‍ ഉറപ്പ് തന്നിട്ടുണ്ട്. നമ്മുടെ സര്‍ക്കാരും വനിതാ കമ്മീഷനും വിചാരിച്ചാല്‍ ആ റിപ്പോര്‍ട്ട് പബ്ലിക് ഡോക്യുമെന്‍റും ബില്ലും ആവുമെന്നാണ് പ്രതീക്ഷ"- പാര്‍വതി വ്യക്തമാക്കി.

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ ആവശ്യപ്പെട്ടാണ് ഡബ്ല്യു.സി.സി പ്രതിനിധികൾ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന ആവശ്യം ഡബ്ല്യു.സി.സി ആവർത്തിച്ചു. സിനിമയിലെ സ്ത്രീകളുടെ സുരക്ഷയുടെ ഉത്തരവാദിത്വം പ്രൊഡക്ഷൻ കമ്പനികള്‍ക്കാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. ചൂഷണം ഇല്ലാതാക്കാനും തുല്യവേതനം ഉറപ്പാക്കാനും ഇടപെടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സതീദേവി അറിയിച്ചു.

Similar Posts