ഡോർ പോലുമില്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം എന്ന് പറയും; കരിയറിന്‍റെ തുടക്കകാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് സംയുക്ത മേനോന്‍
|ഐ ആം വിത്ത് ധന്യ വര്‍മ്മ യുട്യൂബ് ചാനലിനോടാണ് താരത്തിന്‍റെ പ്രതികരണം
പോപ്കോണ്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് സംയുക്ത മേനോന്‍. ആദ്യചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ടൊവിനോയുടെ നായികയായി വേഷമിട്ട തീവണ്ടി സൂപ്പര്‍ഹിറ്റായി. തുടര്‍ന്ന് തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലടക്കം നിരവധി ചിത്രങ്ങളില്‍ സംയുക്ത അഭിനയിച്ചു. സിനിമയിലെ തുടക്കകാലത്ത് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ഐ ആം വിത്ത് ധന്യ വര്‍മ്മ യുട്യൂബ് ചാനലിനോടാണ് താരത്തിന്‍റെ പ്രതികരണം.
മലയാളത്തേക്കാള്‍ കൂടുതല്‍ ബഹുമാനം ലഭിക്കുന്ന സ്ഥലം തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളാണെന്ന് സംയുക്ത പറഞ്ഞു. തുടക്കത്തില്‍ മലയാള സിനിമ ചെയ്യുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിച്ചിട്ടില്ലെന്നും സംയുക്ത വ്യക്തമാക്കി. തെലുങ്കില്‍ ഒപ്പം അഭിനയിക്കുന്ന നടനാണ് ആ സിനിമയ്ക്ക് അത്രയും ബ്രാന്‍ഡ് വാല്യു നല്‍കുന്നതെന്ന് സംയുക്ത പറഞ്ഞു. അതിനാല്‍ അദ്ദേഹത്തിന് കൂടുതല്‍ പ്രതിഫലം ലഭിക്കും. അതിനപ്പുറം എല്ലാ കാര്യങ്ങളിലും തുല്യതയുണ്ടെന്നും കേരളത്തില്‍ അത് ഇല്ലെന്നും സംയുക്ത പറഞ്ഞു.
തുടക്ക കാലത്ത് ഷൂട്ടിംഗ് സെറ്റിൽ ഒരു നല്ല ബാത്ത് റൂം പോലും ലഭിച്ചിരുന്നില്ല. ഡോർ പോലുമില്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം എന്ന് പറയും. അന്ന് അതൊക്കെ ഓക്കേ ആയിരുന്നു. എന്നാൽ, ഡോർ പോലുമില്ലാത്ത വാഷ് റൂം ഓക്കേ അല്ലെന്ന് പിന്നീടാണ് മനസിലായത് എന്നും താരം വ്യക്തമാക്കി. തുടക്ക കാലത്ത് തനിക്ക് മര്യാദയ്ക്ക് പ്രതിഫലം പോലും ലഭിച്ചിരുന്നില്ലെന്നും സംയുക്ത വ്യക്തമാക്കി. ഗാലിപട്ട 2, ബൂമറാംഗ്, വാത്തി, സര്‍ എന്നിവയാണ് സംയുക്തയുടെ പുതിയ ചിത്രങ്ങള്‍.