'എനിക്കാണ് ആദ്യം ഇഷ്ടം തോന്നിയത്, എല്ലാം പെട്ടെന്നായിരുന്നു'; വിവാഹത്തെ കുറിച്ച് ഷംന കാസിം
|പെൺകുട്ടികൾ സ്വന്തമായി ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിന്നതിനു ശേഷമേ വിവാഹം കഴിക്കാവൂ
"എല്ലാവരും കാത്തിരുന്ന വിവാഹമാണ്. ഇപ്പോൾ ഞാനും ഹാപ്പി, വീട്ടുകാരും ഹാപ്പി"; ഷാനിദിനൊപ്പമുള്ള ജീവിതത്തെ കുറിച്ച് പറയാൻ ഷംനക്ക് വാക്കുകൾ മതിയാകുന്നില്ല. ഒരാഴ്ച മുൻപായിരുന്നു ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായുള്ള ഷംന കാസിമിന്റെ വിവാഹം.
കണ്ണൂരിൽ വെച്ചായിരുന്നു നിക്കാഹ്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബാക്കി ചടങ്ങുകൾ ഈ മാസം തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ മനസിനിണങ്ങിയ പങ്കാളിയെ കിട്ടിയ സന്തോഷം പങ്കുവെക്കുകയാണ് ഷംന. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു ഷംന വിശേഷങ്ങൾ പങ്കുവെച്ചത്.
"ദുബൈയിൽ നടന്ന മർഹബ എന്ന പരിപാടിയിലാണ് ഇക്കയെ ആദ്യമായി കാണുന്നത്. പരസ്പരം സംസാരിച്ചപ്പോൾ എനിക്കൊരു ഇഷ്ടം തോന്നിയിരുന്നു, ഇക്കയ്ക്കും അങ്ങനെ തന്നെയെന്ന് പറഞ്ഞതോടെ വീട്ടിൽ കാര്യം അവതരിപ്പിച്ചു. അങ്ങനെ വീട്ടുകാർ പരസ്പരം സംസാരിച്ചു. എല്ലാവർക്കും ഇഷ്ടമായി. ഒരു മാസത്തിനുള്ളിൽ നിക്കാഹ് നടക്കുകയും ചെയ്തു. എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രേമിച്ച് നടക്കാനൊന്നും സമയം കിട്ടിയില്ല"; ഷംന പറയുന്നു.
'മമ്മിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്റെ വിവാഹം. എന്റെ വിവാഹം താമസിക്കുന്നതിന്റെ ടെൻഷൻ മമ്മിക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. ഏതൊരു ഫങ്ഷന് പോയാലും ആളുകൾക്ക് ചോദിക്കാനുള്ളത് എന്റെ വിവാഹക്കാര്യം മാത്രമായിരുന്നു. മൂന്ന് നാല് കൊല്ലമായി വിവാഹം ആലോചിക്കാൻ തുടങ്ങിയെങ്കിലും ഒന്നും ശരിയാകുന്നുണ്ടായിരുന്നില്ല. എനിക്ക് ഇഷ്ടപ്പെടുന്നവർക്ക് സിനിമാ നടി എന്ന കാരണത്താൽ എന്നെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.
ഇപ്പോൾ, മമ്മി വളരെ ഹാപ്പിയാണ്. ദുബൈയിലേക്ക് രണ്ട് ടിക്കറ്റാണ് ബുക്ക് ചെയ്തിരിക്കുന്നത്. മമ്മിയില്ലാതെ ഞാൻ എവിടെയും പോകില്ല. ഇക്കാര്യമാണ് ഇക്കയ്ക്ക് ഏറെ ഇഷ്ടം. ഷാനിദ് കോടീശ്വരനാണെന്നൊക്കെ കുറേ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ആദ്യം ഇഷ്ടം പറഞ്ഞപ്പോൾ തന്നെ എന്റെ കമ്പനി കണ്ടിട്ടുണ്ടോ എന്നാണ് ഇക്കയും ചോദിച്ചത്. എന്നാൽ, കമ്പനിയല്ല എനിക്ക് ഇയാളെയാണ് ഇഷ്ടമെന്നായിരുന്നു എന്റെ മറുപടി. എന്റെ ജോലി ഭാവിയിൽ കംഫർട്ടബിൾ ആയിരിക്കണം. ജീവിതം സന്തോഷമായിരിക്കണം, അത്രയേ ഉണ്ടായിരുന്നുള്ളൂ.
പെൺകുട്ടികൾ സ്വന്തമായി ജോലി സമ്പാദിച്ച് സ്വന്തം കാലിൽ നിന്നതിനു ശേഷമേ വിവാഹം കഴിക്കാവൂ എന്നും ഷംന പറയുന്നു. മുപ്പത് വയസാകുമ്പോഴേ പെൺകുട്ടികൾക്ക് പക്വത കൈവരൂ. അതുവരെ ആരുടെയൊക്കെയോ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് ജീവിക്കുന്നത്. വിവാഹമോചനവും പ്രശ്നങ്ങളുമെല്ലാം ചെറിയ പ്രായത്തിൽ നടന്ന വിവാഹങ്ങളിലാണ് ഏറെയും കാണുന്നത്.
വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളോടും ഷംന പ്രതികരിച്ചു. "പുറമേ കണ്ടപ്പോൾ നല്ല ആൾക്കാരാണെന്ന് കരുതിയാണ് ഒരു വിവാഹാലോചന വന്നപ്പോൾ അതുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ആദ്യം അവർ പണം ആവശ്യപ്പെട്ടപ്പോൾ സംശയമൊന്നും തോന്നിയില്ല. എന്നാൽ, വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ എന്തോ പന്തികേട് പോലെ തോന്നി. അതിനാലാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തകൾ ടെൻഷനുണ്ടാക്കി. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലെ മാധ്യമങ്ങളിലും തുടരെ വാർത്തകൾ വന്നിരുന്നു.
എന്തായാലും ആ പരാതിയോടെ കുറേ പെൺകുട്ടികളുടെ ജീവിതം രക്ഷപെട്ടു. കേസ് കൊടുത്തതിന് ശേഷം നിരവധി പെൺകുട്ടികൾ വിളിച്ചിരുന്നു. അവരുടെ ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് കുട്ടികൾ കരയുകയായിരുന്നു"; ഷംന പറഞ്ഞു. എന്തായാലും വിവാദങ്ങളൊഴിഞ്ഞ് വിവാഹജീവിതം ആസ്വദിക്കുന്നതിന്റെ തിരക്കിലാണ് ഷംന ഇപ്പോൾ.
ഈയൊരു വിവാഹാലോചന കൊണ്ട് ആരെയും വിഷമിപ്പിക്കേണ്ടി വന്നിട്ടില്ല. രണ്ട് വീട്ടുകാരുടെയും സന്തോഷമായിരുന്നു പ്രധാനം. ഇപ്പോൾ എല്ലാവരും ഹാപ്പി. രണ്ടുമാസം ഷൂട്ടിങ് തിരക്കുകളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും താരം വ്യക്തമാക്കി. ഉടനെ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്യുന്നില്ല.
സിനിമാ ലോകത്ത് പൂർണ എന്ന പേരിലും അറിയപ്പെടുന്ന നടിയാണ് ഷംന. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് താരം. 2004-ൽ കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് നർത്തകി കൂടിയായ ഷംന സിനിമാ രംഗത്ത് എത്തുന്നത്.
ആൻഡ്രിയക്കൊപ്പമുള്ള മിഷ്കിൻ സാറിന്റെ ആണ് ഷംനയുടെ പുതിയ ചിത്രം. ഡെവിൾ എന്ന തമിഴ് ചിത്രം ഷംനയുടേതായി ഉടൻ പുറത്തിറങ്ങും. മലയാള ചിത്രം ഇഷ്ക്കിന്റെ തമിഴ് റീമേക്കും കഴിഞ്ഞു. കൂടാതെ തെലുങ്കിൽ അസ്ലും, എന്നീ രണ്ട് ചിത്രങ്ങളും റിലീസിന് ഒരുങ്ങുകയാണ്. മലയാളത്തിൽ ഒരു പ്രോജക്ട് വന്നെങ്കിലും അത് ഏറ്റെടുക്കുന്നില്ലെന്നും രണ്ടുമാസം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും ഷംന പറഞ്ഞു.