സമൂഹമാധ്യമത്തിലൂടെ ജാതിയധിക്ഷേപം; ബോളിവുഡ് താരം യുവിക ചൗധരിക്കെതിരെ കേസ്
|ദലിത് ആക്റ്റിവിസ്റ്റായ രജത് കൽസന്റെ പരാതിയിലാണ് നടിക്കെതിരെ ഹരിയാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ജാതിയധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് താരം യുവിക ചൗധരിക്കെതിരെ കേസ്. ദലിത് സാമൂഹ്യ പ്രവർത്തകൻ രജത് കൽസന്റെ പരാതിയിലാണ് നടിക്കെതിരെ ഹരിയാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമത്തിലൂടെയാണ് യുവിക ജാതി അധിക്ഷേപം നടത്തിയത്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ താരത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദലിത് ആക്റ്റിവിസ്റ്റായ രജത് കൽസൻ യുവികക്കെതിരെ ഹരിയാന പൊലീസിൽ പരാതി നൽകിയത്.
യൂട്യൂബ് വീഡിയോയിലൂടെ ദലിത് വിരുദ്ധ പരാമർശങ്ങൾ നടത്തിയ യുവികക്കെതിരെ കടുത്ത നിയമനപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. തെളിവിനായി നടിയുടെ വീഡിയോയും രജത് പൊലീസിന് സമർപ്പിച്ചിട്ടുണ്ട്. പട്ടികവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മെയ് 25നാണ് യുവികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തുടർന്ന് താരത്തിനെതിരെ വ്യാപക വിമർശനം ഉയരുകയും അറസ്റ്റ് യുവിക എന്ന ഹാഷ്ടാഗ് ട്രെൻഡിങ്ങാകുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പിന്നീട് യുവിക മാപ്പപേക്ഷയുമായി രംഗത്തെത്തുകയും ചെയ്തു. താന്‍ പ്രയോഗിച്ച വാക്കിന്റെ ശരിയായ അര്‍ത്ഥം അറിയില്ലായിരുന്നു എന്ന വിശദീകരണമാണ് യുവിക ഇതിന് നൽകിയത്.