കെയ്‌നി വെസ്റ്റിനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്
|എംആർസി സ്റ്റുഡിയോ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ ഡോക്യുമെന്ററി ഉപേക്ഷിക്കുകയാണെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു
കെയ്‌നി വെസ്റ്റിനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്. അമേരിക്കൻ റാപ്പറും ഡിസൈനറുമായ കെയ്‌നി വെസ്റ്റിൻ ജൂത വിരുദ്ധ പരാമർശം നടത്തിയതിനാലാണ് അഡിഡാസ് പങ്കാളിത്തം അവസാനിപ്പിക്കുന്നത്. അഡിഡാസ് ഒരിക്കലും വിദ്വേഷ പ്രസംഗത്തെ പിന്തുണയ്ക്കില്ല എന്നും 'സൂക്ഷ്മമായ അവലോകനത്തിന് ശേഷമാണ് പങ്കാളിത്തം അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും അഡിഡാസ് അറിയിച്ചു.
'സൂക്ഷ്മമായ അവലോകനത്തിന് ശേഷം കെയ്‌നി വെസ്റ്റിനുയുള്ള പങ്കാളിത്തം ഉടൻ അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നു. വെസ്റ്റുമായി ചേർന്ന് രൂപകൽപ്പന ചെയ്‌ത വളരെ വിജയകരമായ 'യീസി' ലൈൻ ഡിസൈന്റെ ഉൽപ്പാദനം അവസാനിപ്പിക്കുകയും, ഒപ്പം കെയ്‌നി വെസ്റ്റിനും അദ്ദേഹത്തിന്റെ കമ്പനികൾക്കുമുള്ള എല്ലാ ഇടപാടുകളും നിർത്തുന്നു' എന്നാണ് അഡിഡാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
കെയ്‌നി വെസ്റ്റിൻറെ അഭിപ്രായങ്ങൾ വിദ്വേഷകരവും അപകടകരവുമാണന്നും കമ്പനിയുടെ മൂല്യങ്ങളും പരസ്പര ബഹുമാനവും ന്യായവും ലംഘിച്ചതായും കമ്പനി വ്യക്തമാക്കി. ഏതാനും നാളുകൾക്ക് മുമ്പ് വെസ്റ്റിന്റെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ചിരുന്നു. പാരീസിൽ നടന്ന തന്റെ യീസി കളക്ഷൻ ഷോയിൽ വൈറ്റ് ലൈവ്സ് മാറ്റർ ടി-ഷർട്ട് ധരിച്ചതിന് അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.
സിഎഎ ഏജൻസി അദ്ദേഹത്തെ ഒഴിവാക്കുകയും, എംആർസി സ്റ്റുഡിയോ അദ്ദേഹത്തെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ ഡോക്യുമെന്ററി ഉപേക്ഷിക്കുകയാണെന്നും തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.