'അടൂര്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നു, സര്‍ക്കാര്‍ മൗനത്തിലൂടെ പിന്തുണക്കുന്നു'; ഷഹബാസ് അമന്‍
|'കെ.ആര്‍ നാരായണന്‍ എന്ന ചരിത്ര വ്യക്തിയുടെ പേരിലുള്ള ഒരു സ്ഥാപനത്തില്‍ മാടമ്പിത്തരം കാണിക്കാന്‍ ഒരാളെയും അനുവദിക്കാതിരിക്കുക എന്നത് ചരിത്രപരവും സാംസ്കാരികവുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്'
അടൂര്‍ അടക്കമുള്ള കേരളത്തിലെ കലാരംഗത്തെ ഉന്നത സ്ഥാനീയരായ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ഷഹബാസ് അമന്‍. സര്‍ക്കാര്‍ മൗനത്തിലൂടെ അത് ശരിവെക്കുന്നതായും പിന്തുണക്കുന്നതായും ഷഹബാസ് അമന്‍ പറഞ്ഞു. കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ഐക്യദാര്‍ഢ്യപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷഹബാസ് അമന്‍ അടൂരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
കെ.ആര്‍ നാരായണന്‍ എന്ന ചരിത്ര വ്യക്തിയുടെ പേരിലുള്ള ഒരു സ്ഥാപനത്തില്‍ മാടമ്പിത്തരം കാണിക്കാന്‍ ഒരാളെയും അനുവദിക്കാതിരിക്കുക എന്നത് ചരിത്രപരവും സാംസ്കാരികവുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്. ആ രാഷ്ട്രീയ ബോധത്തിലൂന്നിയ അവകാശ സമരത്തെ ഇല്ലാതാക്കാന്‍ പണിയെടുക്കുന്നവരെല്ലാം ഒന്നുകില്‍ ഉള്ളാല്‍ പക്കാ ക്രിമിനലുകള്‍ അല്ലെങ്കില്‍ ചരിത്രത്തെ നിരാകരിക്കുന്ന കറകളഞ്ഞ അരാഷ്ട്രീയ വാദികള്‍ ആണെന്നേ കാണാന്‍ പറ്റൂവെന്നും അതില്‍ മൂന്നാമതൊരു ഓപ്ഷന്‍ ഇല്ലായെന്നും ഷഹബാസ് അമന്‍ കൂട്ടിച്ചേര്‍ത്തു.
ജാതി വെറി, വരേണ്യതാ ബോധം, നിറത്തിന്‍റെയും വംശത്തിന്‍റെയും പേരില്‍ അവഹേളിക്കല്‍, സ്ത്രീകള്‍ സ്വാഭാവികമായും വീട്ടുപണിയെടുക്കേണ്ടവരാണെന്നും കറുത്തിട്ടാണെങ്കില്‍ പിന്നെ അടിമപ്പണി തന്നെയാവട്ടെ എന്നുമുള്ള പ്രാകൃത ധാരണ എന്നീ തുടങ്ങി വെച്ചേക്കാനേ പാടില്ലാത്ത നാല് കൊടും വിഷങ്ങളാണ് ഈ വിഷയത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ സമരത്തിന് പൂര്‍ണ ഹൃദയപിന്തുണയും സ്നേഹവും പങ്കുവെച്ചാണ് ഷഹബാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഷഹബാസ് അമന്‍റെ വാക്കുകള്‍:
സിനിമാബോധം സമം അടൂര്‍ എന്ന മുഖപരിചയം സര്‍ക്കാരിനെ സംബന്ധിച്ച് മാത്രമല്ല, ഒരു ജനതയുടെ ആകെ സാംസ്കാരിക കൊടിയടയാളമാകുന്നതിന്‍റെ മനഃശാസ്ത്ര അടരുകളെ ഉറപ്പായിട്ടും പഠന വിധേയമാക്കേണ്ടതുണ്ട്.
ഒരു വാദത്തിന് വേണ്ടി അടൂര്‍ മികച്ച സംവിധായകരില്‍ ഒരാളും സിനിമാ ചിന്തകരില്‍ ഒരാളും പ്രവര്‍ത്തകരില്‍ ഒരാളും തന്നെ എന്ന് വെക്കുക! തന്‍റെ ആദ്യ ചിത്രം മുതല്‍ സിനിമാപരമായി (ആശയപരമായിട്ടല്ല) എങ്ങനെയാണ് അദ്ദേഹം മുന്നോട്ട് മുന്നോട്ട് പോയതെന്ന് നിരീക്ഷിച്ചിട്ടുള്ളവരാണ് നമ്മള്‍! തീര്‍ച്ചയായും ആ യാത്ര ഗംഭീരം തന്നെ! അതെ സമയം 'പിന്നേയും' അവയെയെല്ലാം റദ്ദാക്കുകയും കളി പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ടിയും വരുന്നുണ്ട്! കലാജീവിതത്തില്‍ ആര്‍ക്കും സംഭവിക്കാവുന്നതാണ് ഈ അവസ്ഥ! കുറ്റപ്പെടുത്താനൊന്നുമില്ല. സ്വയം പുതുക്കുക, അഴിച്ച് പണിയുക, എന്നതല്ലാത്ത വേറൊരു പരിഹാരമാര്‍ഗ്ഗവും അതിനില്ല!
എന്നാല്‍ പൂജ്യത്തില്‍ നിന്നും വീണ്ടും തുടങ്ങേണ്ടതിനു പകരം 'സംപൂജ്യതയും' 'വി.വി.ഐ.പി' പദവിയും കലാകാരെ കാത്തിരിക്കുകയും അവരത് സ്വീകരിക്കുകയും ചെയ്യുന്നിടത്താണ് ലോകം കെട്ടിക്കിടക്കുന്ന ഒരു ചളിക്കുണ്ടായിത്തീരുകയും അതിലേക്ക് സ്വയം പൂളുകയും ചെയ്യുന്നത്. നിരന്തര കര്‍മ്മം ആണ് കലയുടെ ഏറ്റവും പ്രധാന റിക്വയര്‍മ്മെന്‍റ്! പകരം, സാംസ്കാരികമായി തങ്ങളെ സഹിക്കേണ്ടിയും ചുമക്കേണ്ടിയും വരിക എന്ന ദുരവസ്ഥ കലാകാര്‍ മറ്റു മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുന്നത് ഒരു നിലയിലും അനുവദനീയമല്ല!
ഒരു രാജഭരണ സംവിധാനത്തിന് 'തിരുവായ്ക്കെതിര്‍വ്വായില്ല' എന്ന നില അലങ്കാരമായിരിക്കാം. പക്ഷേ ജനാധിപത്യരീതി ഒരു കാലത്തും അതനുശാസിക്കാനേ പാടില്ല. അടൂര്‍ അടക്കമുള്ള കേരളത്തിലെ കലാരംഗത്തെ ഉന്നത സ്ഥാനീയരായ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്ന രംഗമാണ് പൊതുവെ കാണുന്നത്. സര്‍ക്കാരിന്‍റെ മൗനം അത് ശരിവെക്കുന്നു. അതിനെ പിന്തുണക്കുന്നു.
സ്വയം കഴുകാന്‍ കല പോലെ ലോകത്ത് വേരൊരു ജലം കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നിരിക്കെ കലാകാര്‍ ചളിക്കുണ്ടാകുന്നതില്‍ പരം ദുഃഖവും നിരാശയും വേറെയില്ല.
സര്‍ക്കാര്‍ സംവിധാനം എന്നത് ഒരു ജനപ്രതിനിധാന നിലയാണെന്ന ഭരണഘടനാ ധാരണ മറന്ന കേവലം സാങ്കേതികമായ അതിന്‍റെ സ്തൂപിഗാഗ്ര ഘടനയില്‍ അങ്ങ് ലയിച്ച് ചേര്‍ന്ന്, ഒരാള്‍ രാജാവിനെ പോലെ പെരുമാറുകയും മറ്റുള്ളവര്‍ അത് നോക്കി നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് എവിടെയും പ്രശ്ന കാരണമാകുന്നത്. ഒന്ന് പറയാം. ചരിത്രത്തില്‍ എവിടെ തിരഞ്ഞു നോക്കിയാലും മോശം ഭരണാധികാരികള്‍ ഈ സ്വഭാവത്തിന് കടുത്ത വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇവിടെ, കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കിക്കാണാം.
ഒരു സ്ഥാപനത്തിനു(എന്തിനുമാവട്ടെ) ഒരു വ്യക്തിയുടെ പേരിടുമ്പോള്‍ അയാള്‍ ജീവിച്ച ജീവിതം, കടന്ന് പോയ വഴികള്‍, സ്വപ്നം കണ്ട കാര്യങ്ങള്‍...ഇതിനോടൊക്കെ നൂറു ശതമാനം നീതി പുര്‍ത്തുവാന്‍ ആ പേരിടുന്നവര്‍ക്കും അതിന്‍റെ ഫലം പറ്റുന്ന മുഴുവനാളുകള്‍ക്കും ബാധ്യതയുണ്ട്.
ഇവിടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് കെ.ആര്‍ നാരായണന്‍ എന്ന ചരിത്രപ്രാധാന്യമുള്ള വ്യക്തിയുടെ പേരിന്‍റെ പേരിലാണ്. ആ പേരില്‍ മാടമ്പിത്തരം കാണിക്കാന്‍ ഒരാളെയും അനുവദിക്കാതിരിക്കുക എന്നത് ചരിത്രപരവും സാംസ്കാരികവുമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാകുന്നു. ആ രാഷ്ട്രീയ ബോധത്തിലൂന്നിയ അവകാശ സമരത്തെ ഇല്ലാതാക്കാന്‍ പണിയെടുക്കുന്നവരെല്ലാം ഒന്നുകില്‍ ഉള്ളാല്‍ പക്കാ ക്രിമിനലുകള്‍ അല്ലെങ്കില്‍ ചരിത്രത്തെ നിരാകരിക്കുന്ന കറകളഞ്ഞ അരാഷ്ട്രീയ വാദികള്‍ ആണെന്നേ കാണാന്‍ പറ്റൂ. മൂന്നാമതൊരു ഓപ്ഷന്‍ അതില്‍ ഇല്ല.
വെച്ചേക്കാനേ പാടില്ലാത്ത നാല് കൊടും വിഷങ്ങളാണ് ഇതില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്.
1-ഇന്നും സമൂഹത്തില്‍ നിന്ന് ഉച്ഛാടനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്ത ജാതി വെറി
2-കലയില്‍ പാടില്ലാത്ത വരേണ്യതാ ബോധം
3-ജീവിച്ചിരിക്കുമ്പോഴും മണ്മറിഞ്ഞിട്ടും മനുഷ്യരെ അവരുടെ നിറത്തിന്‍റെയും വംശത്തിന്‍റെയും പേരില്‍ അവഹേളിക്കല്‍.
4-സ്ത്രീകള്‍ സ്വാഭാവികമായും വീട്ടുപണിയെടുക്കേണ്ടവരാണെന്നും കറുത്തിട്ടാണെങ്കില്‍ പിന്നെ അടിമപ്പണി തന്നെയാവട്ടെ എന്നുമുള്ള പ്രാകൃത ധാരണ.
ആയത് കൊണ്ട് ഈ വിഷയത്തില്‍ എല്ലാ നിലയിലും വിദ്യാര്‍ഥികളുടെ സമരത്തിന് പൂര്‍ണ ഹൃദയപിന്തുണ, സ്നേഹം.