'അടൂർ ഇതിഹാസ തുല്യൻ, മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡര്‍'; പ്രശംസയുമായി മുഖ്യമന്ത്രി
|അടൂർ ഗോപാലകൃഷ്ണന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലാണെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലയാള ചലച്ചിത്ര ശാഖയുടെ യശസ്സ് ലോകത്ത് എത്തിച്ച വ്യക്തിയാണ് അടൂരെന്നും ഇതിഹാസ തുല്യനാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദേശാഭിമാനി പുരസ്കാര വേദിയിലാണ് മുഖ്യമന്ത്രി അടൂർ ഗോപാലകൃഷ്ണനെ വാനോളം പ്രശംസിച്ചത്.
പുത്തൻ സിനിമാ സങ്കൽപത്തിന് നിലനിൽപ് നേടിക്കൊടുക്കുകയാണ് അടൂർ ചെയ്തത്. അന്തർ ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡറാണ് അടൂർ. ഈ പുരസ്കാരം അടൂരിന്റെ കയ്യിൽ എത്തി ചേർന്നതിൽ അതീവ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പുരസ്കാര ദാന പ്രസംഗത്തില്‍ പറഞ്ഞു. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് ദേശാഭിമാനി പുരസ്കാരം.
കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളെയും ശുചീകരണ തൊഴിലാളികളെയും രൂക്ഷമായി അധിക്ഷേപിച്ചും ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിച്ചുമുള്ള ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രശംസയുമായി മുഖ്യമന്ത്രി രംഗത്തുവന്നത്. ഡിസംബര്‍ അഞ്ചിനാണ് ഡയറക്ടർ ശങ്കർമോഹന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ പഠിപ്പുമുടക്കി സമരം ആരംഭിച്ചത്. ജാതിവിവേചനവും മനുഷ്യത്വവിരുദ്ധ പ്രവൃത്തികളും നടത്തുന്ന ഡയറക്ടറെ ചെയർമാർ അടൂർ ഗോപാലകൃഷ്ണൻ സംരക്ഷിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.
ജാതി വിവേചനം, സംവരണ അട്ടിമറി, ഇ-ഗ്രാന്റ് നല്‍കുന്നത് വൈകല്‍, ഭൗതിക സാഹചര്യം ഇല്ലായ്മ തുടങ്ങി നീറുന്ന പല പ്രശ്നങ്ങളാണ് കെ.ആര് നാരായണന് നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലൂടെ ഉയര്‍ത്തികാണിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ താല്‍ക്കാലിക തൊഴിലാളികളെ വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്ഥാപനത്തിലെ ജാതി വിവേചനത്തിനെതിരെ ചര്‍ച്ചകളും പ്രതിഷേധവും ആരംഭിച്ചത്.