കച്ചാ ബദാമിന്‍റെ കാലം കഴിഞ്ഞോ? വെറൈറ്റി ജിംഗിളുമായി ഒരു പേരക്ക മുത്തച്ഛന്‍
|തെരുവോരത്ത് പേരക്ക വിൽക്കുന്ന സാമന്ത് സാമവാദ് എന്ന വൃദ്ധൻറെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്
കഴിഞ്ഞ കുറേ നാളുകളായി സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു കപ്പലണ്ടി കച്ചവടക്കാരനായ ഭൂപൻ ഭട്യാകറിന്‍റെ 'കച്ച ബദാം'. ഈ ഗാനത്തിന്‍റെ റീമിക്സിന് ചുവടുവെക്കാത്തവര്‍ അപൂര്‍വമേ കാണൂ. എന്നാല്‍ കച്ചാ ബദാമിന് ശേഷം സോഷ്യല്‍ മീഡിയ അടക്കിവാഴാന്‍ ഒരു പേരക്ക മുത്തച്ഛനെത്തിയിരിക്കുകയാണ്. പേരക്ക വില്‍ക്കാനെത്തുന്നവരെ ആകര്‍ഷിക്കാന്‍ ഒരു വെറൈറ്റി ജിംഗിളുമായി.
തെരുവോരത്ത് പേരക്ക വില്‍ക്കുന്ന സാമന്ത് സാമവാദ് എന്ന വൃദ്ധന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 27 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയില്‍ 'യേ ഹരി ഹരി.. കാച്ചി കാച്ചി.. പീലി പീലി..' എന്ന് തുടങ്ങുന്ന താളാത്മകമായ ഒരു പാട്ടാണ് സാമന്ത് പാടുന്നത്. വീഡിയോ തരംഗമായതോടെ നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. കച്ചാ ബദാമുമായി താരതമ്യം ചെയ്തുള്ള കമന്‍റുകളും പ്രത്യക്ഷപ്പെട്ടു.
ബൈക്കില്‍ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി വില്‍പനക്കെത്തുന്ന സ്ഥലങ്ങളില്‍ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് ഭൂപന്‍ കച്ചാ ബദാം പാടിയിരുന്നത്. എന്നാല്‍, ഈ ജിംഗിള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി. ഏക്താര എന്ന യൂട്യൂബ് ചാനല്‍ ഗാനം റിലീസ് ചെയ്തതിനു പിന്നാലെ ഗായകന്‍ നസ്മു റീച്ചറ്റ് അതിന്‍റെ പെപ്പി റീമിക്‌സും പുറത്തിറക്കി. ആകര്‍ഷകമായ കൊറിയോഗ്രാഫി കൂടിയായതോടെ ഇന്‍സ്റ്റഗ്രാം റീലുകളിലും ടിക് ടോക് വീഡിയോകളിലും 'കച്ചാ ബദാം' നിറയുകയായിരുന്നു.
ഇന്ത്യയ്ക്ക് പുറത്തും കച്ചാ ബദാമിന് ആരാധകര്‍ ഏറെയായിരുന്നു. ബോളിവുഡ് ഗാനങ്ങളിലൂടെ ഇന്ത്യാക്കാര്‍ക്ക് പ്രിയങ്കരനായി മാറിയ കിലി പോളും ബ്രസീലിയല്‍ വീഡിയോ കണ്ടന്റ് പ്രൊഡ്യൂസറായ പാബ്ലോ ഇ വെറോണിക്കയും കച്ചാ ബദാമിന് ചുവടുവെച്ചത് വൈറലാവുകയും ചെയ്തു. അതിനിടെ ഗാനത്തിന്‍റെ അവകാശവാദം പറഞ്ഞ് ഭൂപന്‍ ഭട്യാകര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.