തിയേറ്ററിൽ ആളെ കയറ്റാൻ ഏജൻസികൾ; സംവിധായകൻ ഷെബി ചൗഘട്ട്
|ഇത്തരത്തിൽ ആളുകളെ കയറ്റുന്നതിന് ഒരു കോടി രൂപ വരെയാണ് മാറ്റിവെക്കുന്നത്
തിയേറ്ററിൽ സൗജന്യമായി ആളെ കയറ്റുന്ന ഏജൻസികൾ മലയാള സിനിമയ്ക്ക് ദോഷമാണെന്ന് സംവിധായകൻ ഷെബി ചൗഘട്ട്. ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് കാണാൻ തിയേറ്ററിൽ ആളെ കയറ്റാമെന്ന് വാഗ്ദാനം ചെയ്തു ചിത്രത്തിന്റെ നിർമാതാവിനെയും തന്നെയും ചില ഏജൻസികൾ ബന്ധപ്പെട്ടതായി ഷെബി ചൗഘട്ട് ആരോപിച്ചു. ടിക്കറ്റ് ചാർജിന് പുറമേ ഇത്തരത്തിൽ സിനിമ കാണിക്കാൻ ഒരു നിശ്ചിത തുക കൂടി ഏജൻസികൾ ആവശ്യപ്പെടുന്നുണ്ട്.
ഈ ഓണത്തിന് ഇറങ്ങിയ ഒരു സിനിമയ്ക്ക് ഇത്തരത്തിൽ ആളുകളെ കയറ്റുന്നതിന് ഒരു കോടി രൂപയാണ് നിർമാതാവ് മാറ്റിവെച്ചിരിക്കുന്നത് എന്ന് തങ്ങളെ ബന്ധപ്പെട്ട ഏജൻസി പറഞ്ഞു.
പുതിയതായി സിനിമ ചെയ്യാൻ വരുന്ന നിർമാതാക്കൾ ഏതു സിനിമയ്ക്കും ഇത്തരത്തിൽ ആളുകളെ കയറ്റാൻ 30 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ മാറ്റിവെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. താരമൂല്യമുള്ള സിനിമയ്ക്ക് വരെ ഇതാണ് അവസ്ഥ. ഇത്തരം ഏജൻസികൾ ശക്തി പ്രാപിക്കുന്നത് മലയാള സിനിമയ്ക്ക് ഭൂഷണം അല്ല എന്ന സത്യം തുറന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ഫെയ്സ് ബുക്ക് കുറിപ്പിലൂടെ ഷെബി ചൗഘട്ട് പറഞ്ഞു.