ഭീഷ്മപര്‍വത്തിന്‍റെ വിജയം ആഘോഷമാക്കി ഏജന്‍റ് സെറ്റ്; നന്ദി അറിയിച്ച് മമ്മൂട്ടി
|അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം ആദ്യ നാല് ദിവസം കൊണ്ട് എട്ടുകോടിക്കു മുകളിൽ ആണ് ഡിസ്ട്രിബ്യൂഷൻ ഷെയറായി നേടിയത്
റെക്കോര്‍ഡ് കളക്ഷനുമായി കുതിക്കുന്ന ഭീഷ്മപര്‍വ്വത്തിന്‍റെ വിജയം ആഘോഷമാക്കി ഏജന്‍റ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കേക്ക് മുറിച്ചാണ് ഏജന്‍റ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. ആഘോഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഏജന്‍റ് സിനിമയുടെ നിര്‍മാതാക്കളായ എ.കെ എന്‍റര്‍ടെയിന്‍മെന്‍റ്സ് പുറത്തുവിട്ടു. വീഡിയോ പങ്കുവെച്ച മമ്മൂട്ടി ഏജന്‍റ് ടീമിന് നന്ദി അറിയിച്ചു.
മൂന്നുവര്‍ഷത്തിനു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുഗു ചിത്രമാണ് ഏജന്‍റ്. 2019ല്‍ പുറത്തെത്തിയ യാത്രയാണ് മമ്മൂട്ടിയുടെ അവസാന തെലുഗ് ചിത്രം. യാത്രയില്‍ നായകനായിരുന്നുവെങ്കില്‍ പുതിയ ചിത്രത്തില്‍ പ്രതിനായകനാണ് മമ്മൂട്ടി വരുന്നത്. അഖില്‍ അക്കിനേനിയാണ് നായകന്‍. സുരേന്ദര്‍ റെഡ്ഡിയാണ് രചനയും സംവിധാനവും. സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം ആദ്യ നാല് ദിവസം കൊണ്ട് എട്ടുകോടിക്കു മുകളിൽ ആണ് ഡിസ്ട്രിബ്യൂഷൻ ഷെയറായി നേടിയത്. ഇക്കാര്യം നിർമാതാക്കളുടെ സംഘടനായ ഫിയോക്ക് ആണ് പുറത്തുവിട്ടത്. മോഹൻലാലിന്‍റെ ഹിറ്റ് ചിത്രം ലൂസിഫറിനെയും മറികടന്നാണ് ഭീഷ്മപർവത്തിന്‍റെ കുതിപ്പ്. മലയാള സിനിമാചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ചിത്രം ഇത്രയും വലിയ നേട്ടം കൈവരിക്കുന്നതെന്ന് ഫിയോക്ക് പ്രസിഡന്‍റ് വിജയകുമാർ പറഞ്ഞു. ആദ്യ നാലുദിവസത്തിനകം ചിത്രം 23 കോടിക്കു മുകളിൽ ഗ്രോസ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. 22.05 കോടിയായിരുന്നു ലൂസിഫറിന്‍റെ കളക്ഷൻ.
14 വര്‍ഷത്തിന് ശേഷമാണ് സംവിധായകന്‍ അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്നത്. ബിഗ് ബിയായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. എണ്‍പതുകളാണ് ഭീഷ്മയുടെ കഥാപശ്ചാത്തലമെങ്കിലും സമകാലിക സാമൂഹിക സംഭവങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. 406 സ്‌ക്രീനുകളിലായി 1,775 ഷോകളാണ് റിലീസ് ദിനത്തിൽ ഭീഷ്മപർവത്തിന് ഉണ്ടായിരുന്നത്. നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.