'ബിജെപിക്കെതിരെ പ്രതികരിച്ചതിനാണ് വേട്ടയാടല്‍'; ബംഗ്ലാദേശുകാരിയെന്ന് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെന്ന് ഐഷ സുല്‍ത്താന
|തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ചിലര്‍ കുറേ കഷ്ടപ്പെടുന്നുണ്ടെന്നും ചെത്ലാത്ത് ദ്വീപില്‍ ജനിച്ചു വളര്‍ന്ന മാതാപിതാക്കളുടെ മകളാണ് താനെന്നും ഐഷ സുല്‍ത്താന
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന വാര്‍ത്തകളില്‍ ഇടം നേടുന്നത്. ശേഷം ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ ഐഷ സുല്‍ത്താനക്കെതിരെ ബി.ജെ.പി പരാതി നല്കി. ഇതിനെ തുടര്‍ന്ന് കവരത്തി പൊലീസ് രാജ്യദ്രോഹ കേസ് ചുമത്തുകയും ചെയ്തു.
ഈ വിവാദങ്ങളും വേട്ടയാടലും തുടര്‍ന്നുകൊണ്ടിരിക്കെയാണ് ഐഷക്കെതിരെ വ്യാജ പ്രചരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അരങ്ങുതകര്‍ക്കുന്നത്. ബംഗ്ലാദേശില്‍ ജനിച്ച് ലാഹോറില്‍ പഠനം നടത്തി കേരളത്തില്‍ താമസിച്ച് പ്രശ്നങ്ങളുണ്ടാക്കുകയാണ് ഐഷയെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നടക്കമുള്ള വ്യാജ പ്രചരണം. ഇതിനെതിരെ ഐഷ സുല്‍ത്താന തന്നെ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരിക്കുകയാണ്.
തന്നെ ബംഗ്ലാദേശുകാരിയാക്കാന്‍ ചിലര്‍ കുറേ കഷ്ടപ്പെടുന്നുണ്ടെന്നും ചെത്ലാത്ത് ദ്വീപില്‍ ജനിച്ചു വളര്‍ന്ന മാതാപിതാക്കളുടെ മകളാണ് താനെന്നും ഐഷ സുല്‍ത്താന പറഞ്ഞു. ഉമ്മയുടെ പിതാവ് ചെത്ലാത്ത് ദ്വീപുകാരനാണ്. ഉമ്മയുടെ ഉമ്മ മംഗലാപുരത്ത് കൃഷ്ണപുരം സ്വദേശിനിയായിരുന്നു. ചെത്ലാത്ത് ദ്വീപിലാണ് ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ജനിച്ചു വളര്‍ന്നതെന്നും ഉപ്പ മിനിക്കോയി ദ്വീപില്‍ സര്‍ക്കാര്‍ ജോലിക്കാരനായിരുന്നതിനാല്‍ മിനിക്കോയിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചതെന്നും ഐഷ പറയുന്നു. ഹൈസ്കൂള്‍ പഠനം ചെത്ലാത്തിലായിരുന്നു. പ്ലസ് വണ്ണും പ്ലസ് ടുവും കടമത്ത് ദ്വീപിലായിരുന്നു ഐഷ പഠിച്ചത്. പ്ലസ് ടു പഠനം കോഴിക്കോട് വെച്ചാണ് പൂര്‍ത്തിയാക്കിയത്. ബി.എ മലയാളം പഠിക്കാന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലേത്തിയതോടെയാണ് സിനിമാ രംഗത്തേക്ക് എത്തുന്നതെന്നും ഐഷ വ്യക്തമാക്കി.
തന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്നും അടിച്ചോടിക്കണമെന്ന് വിചാരിക്കുന്നവരാണ് പ്രചാരണത്തിന് പിന്നിലെന്നും താന്‍ ബംഗ്ലാദേശുകാരിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഐഷ സുല്‍ത്താന പറഞ്ഞു.