തെരുവിൽ സോപ്പു വിറ്റു ജീവിക്കുന്നു; മോഹൻലാലിന്റെ നായിക ഐശ്വര്യ ഭാസ്‌കർ
|"രണ്ടാം ചാൻസിൽ വന്ന് ഹീറോയിൻ ആകാൻ എല്ലാവർക്കും നയൻതാരയുടെ ഗ്രാഫ് വരില്ലല്ലോ"
മോഹൻലാൽ നായകനായ സൂപ്പർ ചിത്രം നരസിംഹത്തിലെ വികൃതിപ്പെൺകൊടിയെ സിനിമാസ്വാദകർ മറക്കാനിടയില്ല. പ്രജ, ബട്ടർഫ്‌ളൈസ്, സത്യമേവ ജയതേ, ഫയർ, അഗ്നിനക്ഷത്രം, നോട്ട്ബുക്ക് തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഐശ്വര്യ ഭാസ്‌കർ. ബിഗ് സ്‌ക്രീനിൽ നിന്ന് മലയാളത്തിലും തമിഴിലുമൊക്കെയായി ഒത്തിരി സീരിയലുകളിലും വേഷമിട്ടു ഐശ്വര്യ.
എന്നാൽ വെള്ളിത്തിരയിലെ വേഷങ്ങളിൽനിന്ന് എത്രയോ അകലെയാണ് ഇപ്പോൾ ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം. കുടുംബം നോക്കാനായി തെരുവിൽ സോപ്പുവിൽക്കുകയാണ് എന്നാണ് നടി പറയുന്നത്. ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്.
'എനിക്ക് സാമ്പത്തികമായി ഒന്നുമില്ല. ജോലിയുമില്ല. തെരുവിൽ സോപ്പു വിറ്റു ജീവിക്കുന്നു. ഒരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും ഞാൻ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി ശമ്പളം വാങ്ങി സന്തോഷത്തോടെ ഞാൻ തിരികെപ്പോരും. സോപ്പ് വിൽപ്പനയ്ക്ക് ഇറങ്ങിയപ്പോൾ പ്രാങ്ക് ആണോ എന്നാണ് പലരും ചോദിച്ചത്' - അവർ പറയുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ വലയ്ക്കുന്നുണ്ടെങ്കിലും ആരുടെയും സഹായം വേണ്ടെന്ന് ഐശ്വര്യ പറയുന്നു. 'കടക്കാരിയാകാൻ ഇഷ്ടമല്ല. പണം വാങ്ങിയാൽ അതു തിരികെ നൽകാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇതാവുമ്പോൾ നിങ്ങളെന്റെ വിയർപ്പിന് അംഗീകാരം നൽകുകയല്ലേ.' - അവർ കൂട്ടിച്ചേർത്തു.
സിനിമയിലെ സമ്പാദ്യങ്ങൾ എന്തു ചെയ്തു എന്ന ചോദ്യത്തിന്, അതെല്ലാം ആ സമയത്തു തന്നെ തീർന്നു പോയി എന്നായിരുന്നു ഉത്തരം. 'എന്റെ കുടുംബത്തിന് വേണ്ടിയാണ് പണം ചെലവഴിച്ചത്. മദ്യപാനത്തിലോ, സ്വന്തത്തിനു വേണ്ടിയോ ചെലവഴിച്ചിട്ടില്ല. അഭിനയം ആരംഭിച്ച് മൂന്നു വർഷത്തിന് ശേഷം വിവാഹം നടന്നു. അതോടെ സിനിമ വിട്ടുപോയി. രണ്ടാം ചാൻസിൽ വന്ന് ഹീറോയിൻ ആകാൻ എല്ലാവർക്കും നയൻതാരയുടെ ഗ്രാഫ് വരില്ലല്ലോ. സിനിമ കൊണ്ടല്ല, സീരിയൽ കൊണ്ടാണ് ജീവിച്ചത്. ഇനിയൊരു മെഗാ സീരിയൽ കിട്ടാതെ ജീവിതം ട്രാക്കിലാകില്ല. '- ഐശ്വര്യ പറഞ്ഞു.
1994ൽ തൻവീർ അഹമ്മദുമായി ആയിരുന്നു ഐശ്വര്യയുടെ വിവാഹം. ബന്ധം മൂന്നു വർഷം മാത്രമേ നീണ്ടുള്ളൂ. വിവാഹ മോചന ശേഷം ചില പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാൽ ഒന്നും ശരിയായില്ല. ചിലർ ഐ ലവ് യൂ എന്നു പറഞ്ഞാൽ പിന്നെ നിയന്ത്രണങ്ങളായി. ഇഷ്ടമുള്ള വസ്ത്രമിടാൻ പോലും സമ്മതിക്കില്ല- അവർ കൂട്ടിച്ചേർത്തു.