ഹ്യൂമര്‍ വേഷങ്ങളോട് നീതി പുലര്‍ത്തിയെന്ന് തോന്നുന്നില്ല, ഇന്നുവരെ കയ്യില്‍ നിന്നൊരു തമാശ ഇട്ടിട്ടില്ല: അജു വര്‍ഗീസ്
|ആ സിനിമ ഞാന്‍ എന്ത് മാനസിക നിലയിലാണ് ചെയ്തതെന്ന് എനിക്കിപ്പോള്‍ അറിയില്ലെന്നും അജു വര്‍ഗീസ്
ഇന്നുവരെ കയ്യില്‍ നിന്നൊരു തമാശ ഇട്ടിട്ടില്ലെന്നും എഴുത്തുകാര്‍ എഴുതി വെച്ചത് മാത്രമേ താന്‍ സിനിമയില്‍ പറഞ്ഞിട്ടൊള്ളുവെന്നും അജു വര്‍ഗീസ്.
ഈ അടുത്ത കാലങ്ങളിലായി തന്നെ എല്ലാവാരും വിളിക്കുന്നത് സീരിയസ് വേഷങ്ങള്‍ ചെയ്യാനാണെന്നും എപ്പോഴും സേഫ് സീരിയസ് റോളുകളാണെന്നും അജു വര്‍ഗീസ് പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹ്യൂമര്‍ എപ്പോഴും ഒരു നൂല്പ്പാലമാണെന്നും താാന്‍ ഹ്യൂമര്‍ വേഷങ്ങളോട് നീതി പുലര്‍ത്തിയെന്ന് തോന്നുന്നില്ലെന്നും അജു പറയുന്നു.
''ഇന്നുവരെ ഞാന്‍ കയ്യില്‍ നിന്നൊരു തമാശ ഇട്ടിട്ടില്ല. എഴുത്തുകാര്‍ എഴുതി വെച്ചത് മാത്രമേ ഞാന്‍ പറഞ്ഞിട്ടൊള്ളു. അതില്‍ വര്‍ക് ആവാത്ത ഒരുപാട് സീനുകളുണ്ട്. എപ്പോഴും സേഫ് സീരിയസ് റോളുകളാണ്. ഇപ്പോ എല്ലാവരും എന്നെ വിളിക്കുന്നത് സീരിയസ് വേഷങ്ങള്‍ക്കാണ്. ഹ്യൂമര്‍ വേഷങ്ങള്‍ ചെയ്തിട്ട് കാലം കുറേ ആയി.
ഇന്ന് ഞാന്‍ പിറകോട്ട് നോക്കുമ്പോള്‍ പ്രേക്ഷകരോട് എനിക്ക് നന്ദിയുണ്ട്. ഞാന്‍ ചെയ്ത കോമഡി വേഷങ്ങള്‍ കണ്ട് അവര്‍ ചിരിച്ചല്ലോ. പക്ഷേ എനിക്ക് ഒരിക്കലും അതൊരു നല്ല ഹ്യൂമര്‍ ആയിട്ട് തോന്നിയിട്ടില്ല. കാരണം നല്ല ഹ്യൂമര്‍ ചെയ്യുന്ന നടന്മാരെക്കൊണ്ട് നമ്മുടെ ഇന്‍ഡസ്ട്രി ധന്യമാണ്.
ഹ്യൂമര്‍ എപ്പോഴും ഒരു നൂല്‍പ്പാലമാണ്. ഞാന്‍ ഹ്യൂമര്‍ വേഷങ്ങളോട് നീതി പുലര്‍ത്തിയെന്ന് തോന്നിയിട്ടില്ല. കുറേ പേര് അടി കപ്പ്യാരേ കൂട്ടമണി സിനിമയുടെ സെക്കന്റ് പാര്‍ട്ട് ചോദിക്കുന്നുണ്ട്. പക്ഷേ, എനിക്കിനി ഒരിക്കലും കപ്പ്യാരിലെ ബ്രൂണോയെ പോലെ പെരുമാറാന്‍ അറിയില്ല. ഒന്നാമത് ഞാന്‍ മെത്തേഡ് ആക്ടറല്ല. ആ സിനിമ ഞാന്‍ എന്ത് മാനസിക നിലയിലാണ് ചെയ്തതെന്ന് എനിക്കിപ്പോള്‍ അറിയില്ല. അതുകൊണ്ട് തന്നെ കഥാപാത്രങ്ങളിലേക്കൊരു തിരിച്ചുപോക്ക് പ്രയാസമാണ്.'' അജു വര്‍ഗീസ് പറഞ്ഞു.