മലയാള സിനിമ ചില കൈകളിൽ നിന്ന് സാധാരണക്കാരിലേക്ക് എത്തിയത് സന്തോഷ് പണ്ഡിറ്റിലൂടെയെന്ന് അജു വർഗീസ്
|തനിക്കൊരു ഡിഗ്രിയുണ്ടെന്നും സിനിമയാണ് ജീവിതത്തിന്റെ അവസാനമെന്ന് കരുതുന്നില്ലെന്നും അജു പറയുന്നു. സിനിമ ഇഷ്ടമുളളത് കൊണ്ടാണ് ഇതിൽ പിടിച്ചുതൂങ്ങി നിൽക്കണമെന്ന് ആഗ്രഹിക്കുന്നത്.
മലയാള സിനിമ എത്തിപ്പിടിക്കാനാവാത്ത ഇടത്ത് നിന്ന് സാധാരണക്കാരിലേക്ക് എത്തിയത് സന്തോഷ് പണ്ഡിറ്റിലൂടെയാണെന്ന് നടൻ അജു വർഗീസ്. അഞ്ചുലക്ഷം രൂപയ്ക്ക് സിനിമ പിടിച്ച് തിയറ്ററിൽ ഇറക്കി ഹിറ്റാക്കാമെന്ന് അദ്ദേഹം കാണിച്ച ധൈര്യമായിരുന്നു ഇന്ന് ഒരു പരിധി വരെ എല്ലാ വ്യക്തിക്കും മലയാള സിനിമ ചെയ്യാമെന്ന് അല്ലേൽ ഒരു ഷോർട്ട് ഫിലിം ചെയ്യാമെന്നുളള ധൈര്യം പകർന്നത്. അതിന് തുടക്കമിട്ടത് തന്റെ അറിവിൽ സന്തോഷ് പണ്ഡിറ്റാണെന്നും അജു വർഗീസ് പറയുന്നു. മീഡിയവണിന് നൽകിയ അഭിമുഖത്തിലായിരുന്നു അജുവിന്റെ വാക്കുകൾ.
മലയാള സിനിമ ആരുടെയും മോണോപൊളിയല്ല. ഇവിടെ ആർക്കും സിനിമ ചെയ്യാം. എന്റെ അഭിപ്രായത്തിൽ മലയാള സിനിമയെ കുറെ കൈകളിൽ നിന്ന്, ആക്‌സസബിൾ അല്ലാത്ത കൈകളിൽ നിന്ന് സാധാരണക്കാരിലേക്ക് എത്തിയതിൽ ഞാൻ ബഹുമാനിക്കുന്നത്, മനസിൽ സ്ഥാനം കൊടുക്കുന്നത് സന്തോഷ് പണ്ഡിറ്റിനാണ്. അഞ്ചുലക്ഷം രൂപയ്ക്ക് സിനിമ പിടിച്ച് തിയറ്ററിൽ ഇറക്കി ഹിറ്റാക്കാമെന്ന് അദ്ദേഹം കാണിച്ച ധൈര്യമായിരുന്നു ഇന്ന് ഒരു പരിധി വരെ എല്ലാ വ്യക്തിക്കും മലയാള സിനിമ ചെയ്യാമെന്ന് അല്ലേൽ ഒരു ഷോർട്ട് ഫിലിം ചെയ്യാമെന്നുളള വിശ്വാസം പകർന്നത്. എന്റെ അറിവിൽ അദ്ദേഹമാണ് അതിന് തുടക്കമിട്ടത്. അദ്ദേഹം ചെയ്ത സിനിമയുടെ ക്വാളിറ്റിയോ മെറിറ്റോ ഞാൻ പറയുന്നില്ല. പക്ഷേ അത് എന്തുമായിക്കോട്ടെ, അദ്ദേഹം പൂനെ ഫിലിം ഇൻസിസ്റ്റ്യൂട്ടിൽ പഠിച്ച വ്യക്തിയൊന്നും അല്ലല്ലോ. പക്ഷേ ആ തുടക്കമാണ് ഇന്ന് മലയാള സിനിമയിൽ ഇത്രയും അധികം പുതുമുഖ സംവിധായകർക്ക് വഴിതുറന്നത്. അജു വിശദീകരിച്ചു.
വിനീത് ശ്രീനിവാസൻ സ്‌കൂളിൽ നിന്ന് വന്നതുകൊണ്ട് തങ്ങളാരും ഇൻസെക്യൂർ അല്ലെന്നും അജു വർഗീസും സംഗീത സംവിധായകൻ ഹിഷാമും പറയുന്നു. തനിക്കൊരു ഡിഗ്രിയുണ്ടെന്നും സിനിമയാണ് ജീവിതത്തിന്റെ അവസാനമെന്ന് കരുതുന്നില്ലെന്നും അജു പറയുന്നു. സിനിമ ഇഷ്ടമുളളത് കൊണ്ടാണ് ഇതിൽ പിടിച്ചുതൂങ്ങി നിൽക്കണമെന്ന് ആഗ്രഹിക്കുന്നത്. എന്നുവെച്ച് ഇൻസെക്യൂർ അല്ല. കൊവിഡ് വന്നപ്പോൾ നമ്മൾക്ക് സിനിമ ഉണ്ടായിരുന്നില്ല. പിന്നെ എപ്പോഴും ആലോചിക്കണ കാര്യം, നാസയിലെ ഒരു ശാസ്ത്രജ്ഞന് സിനിമയൊന്നും അല്ലല്ലോ മെയിൻ.
സിനിമ ഏറ്റവും ബുദ്ധിമുട്ടായ ലോകത്തിലെ ജോലിയുമല്ല, അത് സിനിമാക്കാർ വെറുതെ പറയണതാണ്. സിനിമയല്ല ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി. ആ സത്യം നമ്മൾ മനസിലാക്കണം. പ്രതിഭകളായ ആളുകൾ എല്ലായിടത്തുമുണ്ട്. ഒരു ബിഗ് പ്രൊഡക്ഷൻ ഹൗസും എനിക്കിവിടെ അവസരം തന്നിട്ടില്ല. ഇങ്ങനെയൊരു ദിലീപേട്ടനും വിനീതും വിചാരിച്ചത് കൊണ്ടാണ് ഞങ്ങൾ വന്നത്. ഒരു മേജർ പ്രൊഡക്ഷൻ ഹൗസിന്റെയോ, ബിഗ് ബജറ്റ് സിനിമകളുടെയോ ഭാഗമായിട്ടില്ല താൻ. ഒരു മിന്നൽ മുരളി അല്ലേലൊരു പെരുച്ചാഴി. സോ കോൾഡ് ടിപ്പിക്കൽ മലയാളം സിനിമകളിൽ താൻ ഭാഗമായിട്ടില്ലെന്നും അജു വ്യക്തമാക്കുന്നു.