ഒഎംജി2വില്‍ അക്ഷയ് അഭിനയിച്ചത് പ്രതിഫലമില്ലാതെ; ചിത്രം 100 കോടിയിലേക്ക്
|OMG 2ന്‍റെ ബജറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതിശയോക്തിപരമാണ്
മുംബൈ: അക്ഷയ് കുമാര്‍ നായകനായ ഒഎംജി 2 100 കോടിയിലേക്ക്. 150 കോടിയില്‍ നിര്‍മിച്ച ചിത്രം പരാജയമാണെന്ന പ്രചരണത്തിനിടയിലാണ് പുതിയ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അതേസമയം ചിത്രത്തില്‍ അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് ചിത്രത്തിന്‍റെ വിതരണക്കാരായ വയാകോം 18 സ്റ്റുഡിയോസിന്‍റെ സിഒഒ അജിത് അന്ധാരെ പറഞ്ഞു.
“OMG 2ന്‍റെ ബജറ്റിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അതിശയോക്തിപരമാണ്. നേരെമറിച്ച്, അക്ഷയ് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. വാസ്തവത്തിൽ, അത്തരമൊരു ധീരമായ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തികവും ക്രിയാത്മകവുമായ അപകടസാധ്യതകളിൽ ഞങ്ങൾക്കൊപ്പം നടന്നു'' അജിത് പിങ്ക്‍വില്ലയോട് പറഞ്ഞു. “OMG, സ്പെഷ്യൽ 26, ടോയ്‌ലറ്റ്: ഏക് പ്രേം കഥ മുതല്‍ ഞങ്ങള്‍ അദ്ദേഹവുമായി നല്ല ബന്ധത്തിലാണ്. ക്രിയാത്മകമായും സാമ്പത്തികമായും താരം പൂർണമായും നിക്ഷേപം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിത് റായ് സംവിധാനം ചെയ്ച ചിത്രത്തിൽ ശിവന്‍റെ ദൂതനായിട്ടാണ് അക്ഷയ് അഭിനയിച്ചിരിക്കുന്നത്. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരാണ് മറ്റ് താരങ്ങള്‍. സണ്ണി ഡിയോളിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഗദർ 2-നൊപ്പം ആഗസ്ത് 11നാണ് ഒഎംജി 2 പുറത്തിറങ്ങിയത്. ഒരാഴ്ച കൊണ്ട് 84.72 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്.സെന്‍സര്‍ ബോര്‍ർഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്തിയത്.
ആദ്യഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്‍റെ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്‍റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു.ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. നായകനായ അക്ഷയിനെ തല്ലുകയോ മുഖത്ത് കരി ഓയിലൊഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് രാഷ്ട്രീയ ബജ്‌റംഗ് ദൾ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ റിലീസിനെതിരെ കഴിഞ്ഞ ദിവസം ആഗ്രയിൽ പ്രതിഷേധമുണ്ടായി രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർ ശ്രീ ടാക്കീസിന് പുറത്ത് തടിച്ചുകൂടി, സിനിമയുടെ പ്രദർശനം ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.അക്ഷയ് കുമാറിന്‍റെ കോലം കത്തിക്കുകയും ചെയ്തു. 2012ൽ പുറത്തിറങ്ങിയ ഒഎംജി-ഓ മൈ ഗോഡിന്‍റെ തുടര്‍ച്ചയാണ് ചിത്രം.