'ഡ്രൈവിംഗ് ലൈസന്‍സ്' ഹിന്ദിയിലേക്ക്; അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയും പ്രധാന വേഷങ്ങളില്‍
|പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഇമ്രാന് ഹാഷ്മിയും അഭിനയിക്കും
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയുമാണ് പ്രധാന വേഷങ്ങളിലെത്തുക. ജീന്‍ പോള്‍ ലാല്‍ ഒരുക്കിയ ചിത്രം ബോളിവുഡില്‍ രാജ് മെഹ്തയാണ് സംവിധാനം ചെയ്യുന്നത്.
ഇതാദ്യമായാണ് അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയും ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഇമ്രാന് ഹാഷ്മിയും അഭിനയിക്കും. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.
2019ല്‍ റിലീസ് ചെയ്ത ഡ്രൈവിംഗ് ലൈസന്‍സിന്റെ തിരക്കഥ ഒരുക്കിയത് സച്ചിയാണ്. ചിത്രത്തില്‍ മിയ, ദീപ്തി സതി, സൈജു കുറുപ്പ്, മേജര്‍ രവി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.