Entertainment
ഇന്ത്യൻ പാസ്‍പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു, പക്ഷേ...: അക്ഷയ് കുമാര്‍
Entertainment

ഇന്ത്യൻ പാസ്‍പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു, പക്ഷേ...: അക്ഷയ് കുമാര്‍

Web Desk
|
14 Nov 2022 3:41 AM GMT

'കനേഡിയൻ പാസ്‌പോർട്ട് ഉള്ളതുകൊണ്ട് ഞാൻ ഇന്ത്യക്കാരനല്ലാതാകുന്നില്ല'

കനേഡിയൻ പാസ്പോർട്ടുള്ളതുകൊണ്ട് താൻ ഇന്ത്യക്കാരനല്ലാതാകുന്നില്ലെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. സിനിമയ്ക്കുള്ളിലും പുറത്തു ദേശീയതയെ കുറിച്ച് പറയുന്ന അക്ഷയ് കുമാറിന്‍റെ കനേഡിയന്‍ പൗരത്വം ചര്‍ച്ചയായതോടെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സ്വന്തമാക്കുമെന്ന് അക്ഷയ് കുമാര്‍ നേരത്തെ വ്യക്തമാക്കുകയുണ്ടായി. 2019ല്‍ ഇന്ത്യന്‍ പാസ്പോർട്ടിനായി അപേക്ഷിച്ചെങ്കിലും കോവിഡ് പ്രതിസന്ധികള്‍ മൂലം പാസ്പോർട്ട് ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അക്ഷയ് കുമാര്‍.

"കനേഡിയൻ പാസ്‌പോർട്ട് ഉള്ളതുകൊണ്ട് ഞാൻ ഇന്ത്യക്കാരനല്ലാതാകുന്നില്ല. ഞാൻ ഇന്ത്യക്കാരനാണ്. അതെ ഞാൻ 2019ൽ ഇന്ത്യന്‍ പാസ്പോര്‍ട്ടിനായി അപേക്ഷിച്ചിരുന്നു. പക്ഷേ കോവിഡ് മഹാമാരിക്കു ശേഷം രണ്ടര വർഷത്തേക്ക് എല്ലാം അടച്ചുപൂട്ടി. എന്‍റെ പാസ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്"- അക്ഷയ് കുമാര്‍ പറഞ്ഞു.

തന്‍റെ രാജ്യസ്നേഹത്തെ ആളുകൾ ചോദ്യംചെയ്താൽ വേദന തോന്നാറുണ്ടെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. കനേഡിയൻ കുമാർ എന്ന് പരിഹസിക്കപ്പെടുന്നതിനെ കുറിച്ചാണ് അക്ഷയ് കുമാറിന്‍റെ പ്രതികരണം- "ഞാൻ ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ എന്റെ പാസ്‌പോർട്ട് കാണിക്കേണ്ട അവസ്ഥയിൽ എത്തിയതില്‍ എനിക്ക് സങ്കടമുണ്ട്. അത് എന്നെ വേദനിപ്പിക്കുന്നു. ആർക്കും ആ അവസരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഞാൻ ഇന്ത്യന്‍ പാസ്പോര്‍ട്ടിനായി അപേക്ഷിച്ചു"- അക്ഷയ് കുമാര്‍ 2019ല്‍ ഇങ്ങനെ പറയുകയുണ്ടായി.

ബോക്സ് ഓഫീസില്‍ തന്‍റെ സിനിമകള്‍ നിരന്തരം പരാജയപ്പെട്ട സാഹചര്യത്തിലാണ് കാനഡയിലേക്ക് താമസം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് അക്ഷയ് കുമാര്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്- "കുറച്ച് വർഷം മുന്‍പ് എന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. ഏകദേശം 14-15 സിനിമകൾ പരാജയപ്പെട്ടു. അതിനാൽ മറ്റെവിടേക്കെങ്കിലും മാറണമെന്ന് തീരുമാനിക്കുകയായിരുന്നു. കാനഡയിൽ താമസിച്ചിരുന്ന സുഹൃത്തുക്കളിൽ ഒരാളാണ് അങ്ങോട്ടേക്ക് വരാൻ നിർദേശിച്ചത്".

നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യാനായി കാനഡയിലേക്ക് പോകുന്നുണ്ട്. അതേസമയം അവർ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട് ഇവിടെ വിധി തന്നെ തുണയ്ക്കുന്നില്ലെങ്കിൽ കാനഡയിലേക്ക് മാറണമെന്ന് തീരുമാനിക്കുകയായിരുന്നു. അപേക്ഷിച്ചു, കനേഡിയന്‍ പൗരത്വം കിട്ടിയെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

എന്നാല്‍ സിനിമകൾ വീണ്ടും വിജയിക്കാന്‍ തുടങ്ങിയതോടെ താൻ തീരുമാനം മാറ്റിയെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു- "എന്താണ് പാസ്പോർട്ട്? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന രേഖയാണിത്. നോക്കൂ, ഞാൻ ഒരു ഇന്ത്യക്കാരനാണ്. നികുതികളെല്ലാം അടച്ച് ഇവിടെ താമസിക്കുന്നു. അത് അവിടെയും അടയ്ക്കാൻ എനിക്ക് കഴിയും. പക്ഷേ ഞാൻ എന്റെ രാജ്യത്തിന് നൽകുന്നു. ഞാൻ എന്റെ നാട്ടിൽ ജോലി ചെയ്യുന്നു. എന്നെ വിമര്‍ശിക്കുന്നവരോട് ഞാൻ ഒരു ഇന്ത്യക്കാരനാണെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും ഇന്ത്യക്കാരനായിരിക്കും".

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരില്‍ ഒരാളാണ് അക്ഷയ് കുമാര്‍. ബോളിവുഡിലെ സാമ്പത്തികാവസ്ഥ പരിഗണിച്ച് 30 മുതല്‍ 40 ശതമാനം വരെ താൻ പ്രതിഫലം കുറച്ചെന്നും അക്ഷയ് കുമാർ പറഞ്ഞു.

Related Tags :
Similar Posts