Entertainment
Akshay Kumar reacts to Shikhar Dhawans note
Entertainment

'സ്വന്തം മകനെ കാണാൻ കഴിയാത്തതിനേക്കാൾ വേദനാജനകമായ മറ്റൊന്നുമില്ല'; ശിഖര്‍ ധവാന്‍റെ കുറിപ്പിനോട് പ്രതകരിച്ച് അക്ഷയ്കുമാര്‍

Web Desk
|
29 Dec 2023 3:29 AM GMT

മകന്റെ ജന്മദിനത്തിൽ ശിഖർ ധവാൻ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഏറെ വൈറലായിരുന്നു

ക്രിക്കറ്റ് താരം ശിഖർധവാന്റെ മകനെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ധവാന്റെ സ്റ്റോറി ഇൻസ്റ്റയിൽ പങ്കുവെച്ച അക്ഷയ്കുമാർ, 'സ്വന്തം മകനെ കാണാൻ കഴിയാത്തതിനേക്കാൾ വേദനാജനകമായ മറ്റൊന്നുമില്ലെന്ന് കുറിച്ചു. 'ഈ കുറിപ്പ് ശരിക്കും ആഴത്തിൽ സ്പർശിച്ചു. ഒരു പിതാവെന്ന നിലയിൽ, നമ്മുടെ കുട്ടിയെ കാണാന്‍ കഴിയാത്തതിനേക്കാൾ വേദനാജനകമായ മറ്റൊന്നുമില്ലെന്ന് എനിക്കറിയാം. പ്രതീക്ഷ കൈവിടരുത് ശിഖർ. ദശലക്ഷക്കണക്കിന് ആളുകൾ നിങ്ങൾ മകനെ ഉടൻ കണ്ടുമുട്ടണമെന്ന് പ്രാർത്ഥിക്കുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.' അക്ഷയ് കുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മകന്റെ ജന്മദിനത്തിൽ ശിഖർ ധവാൻ പങ്കുവെച്ച വൈകാരികമായ കുറിപ്പ് ഏറെ വൈറലായിരുന്നു. മകനെ കാണാൻ കഴിയുന്നില്ലെന്നും അവനെ തന്നിൽ നിന്നും അകറ്റി നിർത്തുകയാണെന്നും അദ്ദേഹം പറയുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ധവാന്റെ പ്രതികരണം. കഴിഞ്ഞ ഒക്ടോബറിലാണ് ധവാന് ഡൽഹി കോടതി വിവാഹ മോചനം അനുവദിച്ചത്. അന്നുമുതൽ മുൻ ഭാര്യ ഐഷ മുഖർജിയോടൊപ്പമാണ് മകൻ സൊരാവർ താമസിക്കുന്നത്. ധവാന് മകനെ കാണാൻ കോടതി അനുമതിയുണ്ടെങ്കിലും അതിന് അനുവദിക്കുന്നില്ലെന്നാണ് താരം പറയുന്നത്.

'ഞാൻ നിന്നെ കണ്ടിട്ട് ഒരു വർഷമാകുന്നു. മൂന്നു മാസത്തോളമായി എല്ലായിടത്തുനിന്നും എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് ഒരു ചിത്രം പോസ്റ്റ് ചെയ്ത് നിനക്ക് ആശംസകൾ നേരുന്നത്.'' ധവാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 'നിന്നെക്കുറിച്ചോർത്ത് എനിക്ക് അഭിമാനമുണ്ട്. നീ നന്നായി വളരുന്നുണ്ടെന്ന് എനിക്കറിയാം. പപ്പ നിന്നെ എപ്പോഴും മിസ് ചെയ്യുന്നുണ്ട്. കാണാൻ സാധിക്കുന്നില്ലെങ്കിലും ഞാൻ എല്ലാ ദിവസവും നിനക്കായി മെസേജുകൾ അയക്കുന്നുണ്ട്. നിന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും, എന്റെ ജീവിതത്തെക്കുറിച്ചു പറയുകയും ചെയ്യുന്നു. പപ്പ നിന്നെ ഒരുപാടു സ്നേഹിക്കുന്നു'. ധവാൻ കുറിച്ചു.

2022 ഡിസംബറിലാണ് ധവാൻ ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസണിനായുള്ള തയാറെടുപ്പിലാണ് താരം ഇപ്പോൾ. പഞ്ചാബ് കിങ്സിനെ അടുത്ത സീസണിലും ധവാൻ തന്നെ നയിക്കും

Similar Posts