ഞാന്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചതിന് ഒരു കാരണമുണ്ട്: അക്ഷയ് കുമാര്‍
|തന്നെ കാനഡ കുമാര്‍ എന്ന് വിളിക്കുന്ന ട്രോളന്മാരോട് അക്ഷയ് കുമാര്‍ പറയുന്നു...
ബോളിവുഡ് നടൻ അക്ഷയ് കുമാറിനെ 'കാനഡ കുമാർ' എന്ന് ട്രോളന്മാര്‍ വിളിക്കാറുണ്ട്. അദ്ദേഹത്തിന് കനേഡിയന്‍ പൗരത്വമുണ്ട് എന്നതാണ് കാരണം. ഇന്ത്യയില്‍ നികുതി അടയ്ക്കുമ്പോഴും തനിക്ക് കനേഡിയന്‍ പൗരത്വമുണ്ടെന്നും അതിന്‍റെ കാരണമെന്തെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍. തന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട കാലത്താണ് കാനഡിയിലേക്ക് താമസം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.
"കുറച്ച് വർഷം മുന്‍പ് എന്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു. ഏകദേശം 14-15 സിനിമകൾ പരാജയപ്പെട്ടു. അതിനാൽ മറ്റെവിടേക്കെങ്കിലും മാറണമെന്ന് തീരുമാനിക്കുകയായിരുന്നു. കാനഡയിൽ താമസിച്ചിരുന്ന സുഹൃത്തുക്കളിൽ ഒരാളാണ് അങ്ങോട്ടേക്ക് വരാൻ നിർദേശിച്ചത്"- അക്ഷയ് കുമാര്‍ പറഞ്ഞു.
നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യാനായി കാനഡയിലേക്ക് പോകുന്നുണ്ട്. അതേസമയം അവർ ഇപ്പോഴും ഇന്ത്യക്കാരാണ്. അതുകൊണ്ട് ഇവിടെ വിധി തന്നെ തുണയ്ക്കുന്നില്ലെങ്കിൽ കാനഡയിലേക്ക് മാറണമെന്ന് തീരുമാനിക്കുകയായിരുന്നു. അപേക്ഷിച്ചു, പൗരത്വം കിട്ടിയെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
എന്നാല്‍ സിനിമകൾ വീണ്ടും വിജയിക്കാന്‍ തുടങ്ങിയതോടെ താൻ തീരുമാനം മാറ്റിയെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു- "എനിക്ക് പാസ്‌പോർട്ട് ഉണ്ട്. എന്താണ് പാസ്പോർട്ട്? ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന രേഖയാണിത്. നോക്കൂ, ഞാൻ ഒരു ഇന്ത്യക്കാരനാണ്. നികുതികളെല്ലാം അടച്ച് ഇവിടെ താമസിക്കുന്നു. അത് അവിടെയും അടയ്ക്കാൻ എനിക്ക് കഴിയും. പക്ഷേ ഞാൻ എന്റെ രാജ്യത്തിന് നൽകുന്നു. ഞാൻ എന്റെ നാട്ടിൽ ജോലി ചെയ്യുന്നു. എന്നെ വിമര്‍ശിക്കുന്നവരോട് ഞാൻ ഒരു ഇന്ത്യക്കാരനാണെന്ന് പറയാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും ഇന്ത്യക്കാരനായിരിക്കും".
2019ലാണ് അക്ഷയ് കനേഡിയൻ പൗരത്വം സ്വീകരിച്ചത്. ആ ലോക്സഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് ചെയ്തിരുന്നുമില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി അക്ഷയ് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.