Entertainment
Akshay Kumar with Modi

അക്ഷയ് കുമാര്‍ മോദിക്കൊപ്പം

Entertainment

നിങ്ങള്‍ മോദിയുടെ നാട്ടില്‍ നിന്നാണോ എന്ന് വിദേശികള്‍ ചോദിച്ചു? അക്ഷയ് കുമാറിനെ ട്രോളി സോഷ്യല്‍മീഡിയ

Web Desk
|
10 Oct 2023 6:57 AM GMT

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്

മുംബൈ: കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. 'മനസും പൗരത്വവും-രണ്ടും ഹിന്ദുസ്ഥാനി' എന്നാണ് പൗരത്വം ലഭിച്ച ശേഷം താരം എക്സില്‍ കുറിച്ചത്. ഈയിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിദേശത്തുള്ള ഇമിഗ്രേഷൻ ഓഫീസിൽ ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വച്ചപ്പോഴുണ്ടായ അനുഭവം താരം പങ്കുവച്ചിരുന്നു. നിങ്ങള്‍ മോദിയുടെ നാട്ടില്‍ നിന്നാണോ വരുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചുവെന്നും വിദേശികള്‍ ഇന്ത്യക്കാരെ വളരെ ബഹുമാനത്തോടെയാണ് കാണുന്നതെന്നുമായിരുന്നു അക്ഷയ് പറഞ്ഞത്. വീഡിയോ പുറത്തുവന്നതിനു പിന്നാലെ താരത്തിനെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ.

“സത്യം. കഴിഞ്ഞ തവണ ഞാൻ ഇന്ത്യൻ പാസ്‌പോർട്ടുമായി നിൽക്കുമ്പോൾ, ഇന്ത്യയിലേക്ക് എങ്ങനെ മാറണമെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഇമിഗ്രേഷൻ ഓഫീസർമാർ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ കൂട്ടം കൂടി. ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളോട് അവരോട് പറഞ്ഞു, നീണ്ട സ്ക്രീനിംഗുണ്ട്. അതുകൊണ്ട് ബംഗ്ലാദേശിൽ നിന്നോ നേപ്പാളിൽ നിന്നോ പ്രവേശിക്കുന്നതായിരിക്കും നല്ലത്'' ഒരു യൂസര്‍ പരിഹസിച്ചു. ''എന്തൊരു നുണയനാണ്. കനേഡിയൻ പാസ്‌പോർട്ടുമായി യാത്ര ചെയ്തിരുന്ന ഇയാൾക്ക് ഒരു മാസം മുമ്പാണ് ഇന്ത്യൻ പാസ്‌പോർട്ട് ലഭിച്ചത്'' മറ്റൊരാള്‍ കമന്‍റ് ചെയ്തു.

''വിദേശികള്‍ തന്‍റെ പുതിയ പാസ്പോര്‍ട്ട് കാണുകയും മോദിയുടെ നാട്ടില്‍ നിന്നാണോ എന്ന് ആവേശത്തോടെ പറയുകയും ചെയ്തുവെന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്. ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കുന്നത് നിർത്തി മോഡിലാൻഡ് എന്ന് പേരിടേണ്ട സമയമാണിത്'' എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്‍റെ പരിഹാസം.

അതേസമയം 'ടോയ്‍ലറ്റ്: ഏക് പ്രേം കഥ' പോലുള്ള ചിത്രങ്ങളിലൂടെ താന്‍ ബി.ജെ.പിയെ പ്രമോട്ട് ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ക്കും അക്ഷയ് മറുപടി നല്‍കി. ആരാണ് അധികാരത്തില്‍ എന്നത് തനിക്കൊരു വിഷയമല്ലെന്നും താന്‍ മോദിയുടെ മാനുഷിക വശങ്ങളെക്കുറിച്ചറിയാനാണ് ശ്രമിച്ചതെന്നും താരം ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കനേഡിയൻ പൗരത്വത്തിന്‍റെ പേരിൽ ഏറെ വിമർശനം നേരിട്ടിട്ടുള്ളയാളാണ് അക്ഷയ് കുമാർ. ദേശസ്‌നേഹം ചോദ്യം ചെയ്യുന്ന തരത്തിൽ വിമർശനങ്ങളെത്തുന്നത് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാണ് തന്‍റെ എല്ലാമെന്നും ഇവിടെ നിന്നാണ് എല്ലാം നേടിയതെന്നും ഒരു അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞിരുന്നു. 2019ൽ ഇന്ത്യൻ പൗരത്വത്തിനായി നടൻ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം നടപടികൾ നീണ്ടുപോയിരുന്നു.

Related Tags :
Similar Posts