'1921, പുഴ മുതൽ പുഴ വരെ' ഹിന്ദിയിലേക്കും, മൊഴി മാറ്റി ഇറക്കുമെന്ന് അലി അക്ബര്‍
|"എന്റെ പേര് രാമസിംഹൻ അബൂബക്കർ": പേരുമാറ്റിയാലും പിതാവിന്റെ പേര് മാറുന്നില്ലെന്ന് അലി അക്ബര്‍
'1921, പുഴ മുതൽ പുഴ വരെ' എന്ന സിനിമ ഹിന്ദിയിലേക്ക് മൊഴി മാറ്റി ഇറക്കുമെന്ന് അലി അക്ബര്‍. ഓൾ ഇന്ത്യാ റിലീസ് ആഗ്രഹിക്കുന്നതിനാല്‍ ഹിന്ദിയിലേക്ക് കൂടി മൊഴി മാറ്റുമെന്ന് അലി അക്ബര്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. കോവിഡിന്റെ ഭീഷണി മാറിയാല്‍ ചിത്രം റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പേരുമാറ്റിയാലും പിതാവിന്റെ പേര് മാറുന്നില്ലെന്നും അലി അക്ബര്‍ പറഞ്ഞു. മുഴുവന്‍ പേര് രാമസിംഹൻ അബൂബക്കർ ആണെന്നും അലി അക്ബര്‍ പറഞ്ഞു. ഹിന്ദു വിശ്വാസം സ്വീകരിച്ചു കഴിഞ്ഞതായും ഇനി സ്വത്തിനോ മരണശേഷം ശരീരത്തിനോ ഒരു തർക്കവും വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''ഞാൻ പേരുമാറ്റി എന്ന് കരുതി എന്റെ പിതാവിന്റെ പേര് മാറുന്നില്ല. അതുകൊണ്ടു ഇനി എന്റെ പേര് രാമസിംഹൻ അബൂബക്കർ എന്നായിരിക്കും. ഞാൻ ഹിന്ദു വിശ്വാസം സ്വീകരിച്ചു കഴിഞ്ഞു. ഇനി എന്റെ സ്വത്തിനോ മരണശേഷം എന്റെ ശരീരത്തിനോ ഒരു തർക്കവും വരില്ല"; അലി അക്ബര്‍ പറഞ്ഞു.
'1921, പുഴ മുതൽ പുഴ വരെ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സംവിധാനത്തിന് നേരെ 'രാമസിംഹൻ' എന്നും നിർമാതാവിന്റെ പേരില്‍ അലി അക്ബർ എന്നും വെച്ചതിലും അലി അക്ബർ വിശദീകരണം നല്കി. ആചാര വിധി പ്രകാരം ഹിന്ദുവായി പേര് മാറ്റിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലും സിനിമയുടെ രജിസ്ട്രേഷനിലും ഇപ്പോഴും അലി അക്ബർ എന്ന പേരുതന്നെയാണെന്നും അതുകൊണ്ടാണ് നിർമാതാവിന്റെ പേര് മാറ്റാൻ കഴിയാത്തതെന്നും അലി അക്ബർ പറഞ്ഞു. പേര് മാറ്റിയതിനെതിരെ വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഹിന്ദു വിശ്വാസത്തിലേക്ക് മാറാനുള്ള പൂജകളും ചടങ്ങുകളുമെല്ലാം ചെയ്താണ് പുതിയ പേര് സ്വീകരിച്ചതെന്നും ക്ഷേത്രങ്ങളിൽ പോകേണ്ടതു കൊണ്ടാണ് ആചാരവിധിപ്രകാരം ഹിന്ദുമതം സ്വീകരിച്ചതെന്നും അലി അക്ബര്‍ പറഞ്ഞു.
"ഞാനും എന്റെ ഭാര്യയും ഹിന്ദു ധർമ്മത്തിലേക്ക് മാറി. മക്കൾക്ക് ഏതു മതത്തിൽ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട്. ആചാര്യന്മാർ എന്റെ വീട്ടിൽ വന്നു ആചാരവിധി പ്രകാരം പൂജയും യജ്ഞവും ശുദ്ധി ക്രിയകളും നടത്തിയാണ് പുതിയ പേര് സ്വീകരിച്ചത്. ഇനി ഗസറ്റിൽ പ്രസിദ്ധീകരിച്ച് ചെയ്ത് രേഖാമൂലം പേര് മാറ്റണം", അലി അക്ബര്‍ പറഞ്ഞു.
അലി അക്ബര്‍ നിര്‍മ്മിച്ച് രാമസിംഹന് സംവിധാനം ചെയ്ത '1921, പുഴ മുതൽ പുഴ വരെ'യുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നിരുന്നു. ചിത്രം റിലീസിന് തയാറായി കഴിഞ്ഞതായും തിയറ്ററിൽ റിലീസ് ചെയ്യാൻ ആണ് പ്ലാനെന്നും അലി അക്ബര്‍ പറഞ്ഞു.