വാരിയംകുന്നനുമായി മുന്നോട്ടു തന്നെ; ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് അലി അക്ബര്‍
|ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ് ചിത്രമൊരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു
'വാരിയംകുന്നന്' സിനിമയില്‍ നിന്ന് സംവിധായകന് ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയെങ്കിലും '1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയുമായി മുന്നോട്ടുപോവുകയാണ് സംവിധായകന് അലി അക്ബര്‍. ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്' എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അലി അക്ബറും തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ് ചിത്രമൊരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നടന് തലൈവാസല്‍ വിജയ് ആണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം.ജോയ് മാത്യൂവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി ലഭിച്ചത്. ചിത്രത്തിന്റെ ട്രയിലര്‍ കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറങ്ങിയിരുന്നു. വയനാട്ടില്‍ വെച്ച് നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളിലെ ചിത്രീകരണ ദൃശ്യങ്ങളാണ് ട്രയിലര്‍ രൂപത്തില്‍ പുറത്തിറക്കിയത്.