Entertainment
എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട കഥയാണ് മാലികിന്റേതെന്ന് ഫഹദ് ഫാസില്‍
Entertainment

എല്ലാ മലയാളികളും അറിഞ്ഞിരിക്കേണ്ട കഥയാണ് മാലികിന്റേതെന്ന് ഫഹദ് ഫാസില്‍

Web Desk
|
18 July 2021 11:18 AM GMT

സിനിമയെ ബീമാപള്ളി വെടിവെപ്പുമായി ബന്ധിപ്പിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാഴ്ച്ചപ്പാടാണെന്നായിരുന്നു സംവിധായകന്റെ പ്രതികരണം.

മാലിക് ഒരു മലയാളിയുടെ കഥയാണെന്നും മറ്റു മലയാളികള്‍ കണ്ടിരിക്കേണ്ട ചിത്രമാണ് അതെന്നും ഫഹദ് ഫാസില്‍. കേരളത്തിലെ ഒരു കടലോര ഗ്രാമത്തില്‍ നടക്കുന്ന കഥ പറഞ്ഞ 'മാലിക്' ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെ വലിയ തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടത്. ആമസോണില്‍ റിലീസ് ചെയ്ത മഹേഷ് നാരായണന്‍ ചിത്രത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു.

മാലികിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ചിത്രത്തിന്‍റെ കാണാരംഗങ്ങള്‍ പുറത്തുവിട്ടത്. ചിത്രത്തിനായി പൂര്‍ണമായും സജ്ജീകരിച്ച സെറ്റും ആക്ഷന്‍ രംഗങ്ങള്‍ക്കു പിന്നിലെ ദൃശ്യങ്ങളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, തുടക്കത്തിലെ സിംഗിള്‍ ഷോട്ട് സീനിനായി ചെയ്ത തയ്യാറെടുപ്പും, ചിത്രീകരണത്തിനിടെ ഉണ്ടായ താരങ്ങളുടെയും നിര്‍മാതാക്കളുടെയും അനുഭവവും മേക്കിംഗ് വീഡിയോയില്‍ വിവരിക്കുന്നു.

1960 കള്‍ മുതല്‍ 2018 വരെയുള്ള കാലഘട്ടം കാണിക്കുന്ന ചിത്രത്തിന് സ്വാഭാവിക ഗതിയില്‍ കടല്‍തീരത്ത് ഷൂട്ടിങ് ബുദ്ധിമുട്ടുള്ളതിനാല്‍, സെറ്റ് ഇട്ട് പടം എടുക്കുകയായിരുന്നെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നു. സെറ്റിന്റെ മിനിയേച്ചര്‍ ഉണ്ടാക്കി സെറ്റിന്റെ പൂര്‍ണ രൂപം എല്ലാവര്‍ക്കും മനസിലാക്കി കൊടുത്തു. വി.എഫ്.എക്‌സ് ഉപയോഗിക്കുന്നതിന് പകരം, സ്‌ഫോടന രംഗങ്ങള്‍ യഥാര്‍ഥമായി തന്നെ ചിത്രീകരിക്കുകയാണ് ചെയ്തതെന്നും സംവിധായകന്‍ പറഞ്ഞു.

കുപ്രസിദ്ധമായ ബീമാപള്ളി വെടിവെപ്പിനെ പറ്റി സൂചിപ്പിക്കുന്ന ചിത്രം, ചരിത്രവസ്തുതകള്‍ വളച്ചൊടിച്ചതായും, സിനിമക്കുവേണ്ടി കൂട്ടക്കൊലയെ വക്രീകരിച്ച് കാണിച്ചതായും വിമര്‍ശനം ഉയര്‍ന്നിരുന്നു. ബീമാപള്ളി വെടിവെപ്പിന്റെ പശ്ചാതലത്തില്‍ ഒരുക്കിയ ചിത്രം പക്ഷേ, വെടിവെപ്പിന് ഇരയായവരോട് നീതി പുലര്‍ത്തിയില്ല എന്നും വിമര്‍ശനമുണ്ട്.

View this post on Instagram

A post shared by Mālik Movie (@malikmovieofficial)

എന്നാല്‍ സിനിമ സാങ്കല്‍പ്പിക കഥയാണെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ ഏതെങ്കിലും സ്ഥലത്തിന്റെയോ വ്യക്തികളുടെയോ പേര് പറയുന്നില്ലെന്നും ഒരു ഓണ്‍ലൈന്‍ സൈറ്റില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ സിനിമയെ ബീമാപള്ളി വെടിവെപ്പുമായി ബന്ധിപ്പിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാഴ്ച്ചപ്പാടാണെന്നും സംവിധായകന്‍ പ്രതികരിച്ചു.

Similar Posts