ഈശോ വിവാദകാലത്തെ 'അല്ലാഹു അക്ബർ'; 1977ലെ സിനിമ
|മൊയ്തു പടിയത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്
നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ചർച്ചകളിൽ നിറഞ്ഞ് 1977ലെ അല്ലാഹു അക്ബർ എന്ന സിനിമ. നിരവധി പേരാണ് മൊയ്തു പടിയത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഈശോ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനവസരത്തിലുള്ളതാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
സൂപ്പർ നായിക ജയഭാരതി, ജേസി, വിൻസന്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്. ടിഎൻ കൃഷ്ണൻകുട്ടി നായരായിരുന്നു ഛായാഗ്രഹണം. പി ഭാസ്‌കരന്റെ വരികൾക്ക് എംഎസ് ബാബുരാജ് സംഗീതം നല്‍കി. യേശുദാസ്, എസ് ജാനകി, എൽആർ ഈശ്വരി, ബി വസന്ത, സിഒ ആന്റണി എന്നിവരാണ് ചിത്രത്തിൽ പാടിയിട്ടുള്ളത്. ഹാഷിം ചാവക്കാട് ആണ് നിര്‍മാണം. ചിത്രത്തിലെ അമ്പിളിക്കാരയിലുണ്ണിയപ്പം, പതിനേഴാം വയസ്സിന്റെ സഖിമാരേ, അറബിക്കഥയിലെ രാജകുമാരി എന്നീ പാട്ടുകൾ അക്കാലത്തെ ഹിറ്റായിരുന്നു.
കുട്ടിക്കുപ്പായം, കുപ്പിവള, യത്തീം, മൈലാഞ്ചി, മണിത്താളി, മണിയറ, കാലം മാറി കഥ മാറി തുടങ്ങി ഒരുപിടി ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ എഴുത്തുകാരനാണ് മൊയ്തു പടിയത്ത്. കടൽ, മഴവിൽകൂടാരം, ഇഷ്ടമാണ് നൂറു വട്ടം എന്നീ സിനിമകൾ സംവിധാനം ചെയ്ത സിദ്ദീഖ് ഷമീർ ഇദ്ദേഹത്തിന്റെ മകനാണ്. സംവിധായകൻ കമലും നടൻ ബഹാദൂറും ബന്ധുക്കളും.
അതിനിടെ, ഈശോ സിനിമയുടെ പേരു മാറ്റണമെന്ന ആവശ്യവുമായി കത്തോലിക്ക കോൺഗ്രസാണ് രംഗത്തെത്തിയിരുന്നത്. ക്രൈസ്തവ വിശ്വാസത്തെ പേരിലൂടെ അവഹേളിക്കുന്നു എന്നാണ് സംഘടനയുടെ ആരോപണം. ഇതേ പേരിൽ സിനിമ പുറത്തിറക്കാമെന്ന് നാദിർഷ കരുതേണ്ടെന്ന് പിസി ജോർജും ഭീഷണി മുഴക്കിയിരുന്നു.
എന്നാൽ സിനിമയ്ക്ക് പിന്തുണയുമായി തൃശൂർ ഓർത്തഡോക്‌സ് മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്തെത്തി. 'എന്താണു ഈശോ എന്ന പേര് ഒരു സിനിമക്ക് ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല.'- അദ്ദേഹം പറഞ്ഞു.